ബിജാപൂർ: മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരനായ ഭർത്താവിനെ തേടി ഭാര്യയും മകളും കാട്ടിലൂടെ നടന്നത് നാലു ദിവസം. ഛത്തീസ്ഗഡ് സ്വദേശിയായ സുനിത കറ്റമെന്ന യുവതിയാണ് ഭർത്താവ് സന്തോഷിനായി അതിസാഹസം നടത്തിയത്. മേയ് നാലിന് വീട്ടാവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ പോയ സന്തോഷിനെ ഗൊറോണ ഗ്രാമത്തിൽ വച്ച് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്.സന്തോഷ് തിരിച്ചെത്താത്തതിൽ സുനിതയ്ക്ക് ആദ്യം സംശയമൊന്നും തോന്നിയില്ലെങ്കിലും പിന്നാലെ ഭർത്താവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയതെന്ന് മനസിലായി.പിന്നാലെ പൊലീസിനെയും ആ ഭാഗത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. മേയ് ആറിന് പതിനാലു വയസുള്ള മകൾ, പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ, കുറച്ച് ഗ്രാമീണർ എന്നിവർക്കൊപ്പം മാവോയിസ്റ്റുകളെ തിരഞ്ഞ് സുനിത യാത്ര തുടങ്ങി. ഇളയ രണ്ടു മക്കളെയും വീട്ടിലാക്കിയായാരുന്നു യാത്ര. ബൈക്കിലും കാൽനടയായും കാട്ടിലൂടെ സഞ്ചരിച്ച് 10ന് ഇവർ മാവോയിസ്റ്റുകൾക്ക് അരികിലെത്തി. പിന്നാലെ നടന്ന അനുനയ സംഭാഷണത്തിൽ മാവോവാദികൾ ജൻഅദാലത്ത് നടത്തി പൊലീസ് ജോലി ഉപേക്ഷിക്കണമെന്ന നിബന്ധനയിൽ സന്തോഷിനെ വിട്ടുകൊടുക്കുകയായിരുന്നു. മരണ ശിക്ഷവരെ വിധിക്കുന്ന ജൻഅദാലത്തിൽ ഒരാളെ ജീവനോടെ വിട്ടു നൽകുന്നത് അപൂർവ്വമാണെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്.'കൂടുതൽ ഒന്നും ഇക്കാര്യത്തിൽ ചിന്തിക്കാനില്ലായിരുന്നു. എന്റെ ഭർത്താവിനെ രക്ഷിച്ചെടുക്കാൻ എന്ത് ബുദ്ധിമുട്ട് അനുഭവിക്കാനും ഞാൻ തയ്യാറായിരുന്നു' ഭർത്താവിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ ഏതറ്റം വരെയും പോകും'-സുനിത പറഞ്ഞു. 11ന് ബിജാപുരിൽ തിരിച്ചെത്തിച്ച സന്തോഷിനെ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാക്കി.