vijay-malya

ലണ്ടൻ: പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിച്ച് ഇന്ത്യയിൽ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്‌ക്ക് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ എല്ലാം അവസാനിച്ചതായി റിപ്പോർട്ട്. ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീൽ വ്യാഴാഴ്ച യു.കെ കോടതി തള്ളി. ഇതോടെയാണ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്ക് വേഗത കൈവരുന്നത്.

ഇന്ത്യ-ബ്രിട്ടൻ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളിൽ മല്ല്യയെ ഇന്ത്യക്ക് കൈമാറാൻ സാധിച്ചേക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. മല്ല്യ ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9,000 കോടിയുടെ വായ്‌പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്ല്യ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു.