toktas

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയവേ ശ്വാസം മുട്ടിച്ചു മകനെ കൊന്നത് സെവ്ഹർ ടോക്ടാഷ്

ഇസ്താംബുൾ : കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച അഞ്ചു വയസ്സുകാരനായ മകനെ താൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുർക്കി ഫുട്ബോൾ താരം സെവ്ഹർ ടോക്ടാഷ്. കോവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ടോക്ടാഷ് ഏറ്റുപറഞ്ഞത്. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു.

ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.

നിലവിൽ തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോറിനു വേണ്ടി കളിക്കുന്ന സെവ്ഹർ ടോക്ടാഷ് കഴിഞ്ഞ മാസമാണ് ചുമയും കടുത്ത പനിയുമായി മകനെ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് 19 സംശയിച്ച് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. അന്നു വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. കാസിം മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് താൻ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

‘എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല’ – ടോക്ടാഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തന്റെ ചെയ്തിയിൽ പിന്നീട് കടുത്ത കുറ്റബോധം തോന്നിയെന്നും അതു സഹിക്കാനാകാത്തതുകൊണ്ടാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്.