ജർമ്മനിയിൽ ഫുട്ബാൾ മത്സരങ്ങൾ വീണ്ടും തുടങ്ങുമ്പോൾ മ്യൂണിക്കിൽ നിന്ന് പ്രവാസി മലയാളി ഷിനാസ് എഴുതുന്നു
കൊവിഡിന്റെ വരവും വരിഞ്ഞുമുറുക്കലും ഇൗ രാജ്യത്തെ നിശബ്ദമാക്കിയിരുന്ന കാലം അവസാനിക്കുകയാണ്. ആഴ്‌ചകൾ നീണ്ട ലോക്ഡൗണിന് ഏറെക്കുറെ അവസാനമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഗരങ്ങളിലെ പാർക്കുകൾ തുറന്നു. വാഹനങ്ങൾ ഒാടിത്തുടങ്ങി. എങ്കിലും നിരത്തുകളിൽ ഇറങ്ങിയ ആളുകളുടെ മുഖത്ത് ആ പഴയ ജീവിതക്രമം തിരികെ കിട്ടുമോ എന്ന ആകാംക്ഷ നിറഞ്ഞിട്ടുണ്ടായിരുന്നു. സത്യത്തിൽ അവർ മറ്റൊന്നിനായാണ് ഏറെ ആഗ്രഹിച്ചിരുന്നത്; ഫുട്ബാളിന്റെ മടങ്ങിവരവിന്.
ഇൗ വാരാന്ത്യത്തിൽ ബുണ്ടസ് ലിഗയിലെ മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ കൊവിഡിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ജർമ്മൻ ജനതയിൽ ഭൂരിഭാഗവും അതിനെ കാണുന്നുണ്ട്. കാൽപ്പന്തുകളിയോടുള്ള ഇന്നാട്ടുകാരുടെ ആവേശം അത്രയധികമാണ്. ഒരു പക്ഷേ റയൽ മാഡ്രിഡിനെയോ ബാഴ്സലോണയെയോ മാഞ്ചസ്റ്റർ യുണൈറ്റഡിനെയോ പോലെ ലോകശ്രദ്ധയിലുള്ള അധികം ക്ളബുകൾ ഇവിടെയില്ല. എന്നാൽ ബയേൺ മുൂണിക്കും ലെവർകൂസനും ഹെർത്തയും ബൊറൂഷ്യയുമൊക്കെ ഇൗ രാജ്യത്തെ ആരാധക പിന്തുണയേറിയ ക്ളബുകളാണ്. തങ്ങളുടെ പ്രിയക്ളബുകളുടെ മത്സരങ്ങൾ കാണുവാനായി വാരാന്ത്യങ്ങൾ ഇവർ മാറ്റിവയ്ക്കുന്നു. വെറുമൊരു കമ്പമെന്നതിനപ്പുറം രകതത്തിൽ കലർന്ന വികാരമാണ് പലർക്കും ഫുട്ബാൾ. " ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാൻ ഫുട്ബാളും കൂടി തുടങ്ങിയേ മതിയാകൂ" എന്നാണ് സുഹൃത്തായ ജർമ്മൻ പൗരൻ പറഞ്ഞത്.
പഴയപോലെ ഇഷ്ട ടീമിന്റെ പതാകയുമായി ഗാലറികളിൽ പോയിരുന്ന് വൈകുന്നേരങ്ങൾ ആഘോഷമാക്കാൻ ഇനിയും അനുമതിയായിട്ടില്ല. ഇൗ സീസണിൽ ഗാലറികൾ അടഞ്ഞുകിടക്കുമെന്ന് ഉറപ്പാണ്. എങ്കിലും ടിവി സ്ക്രീനുകളിൽ ഫുട്ബാളിന്റെ ആവേശം നിറയുന്നത് എത്രയോ നാളായി ഇവിടെ നിറഞ്ഞു നിന്ന നിശബ്ദതയ അവസാനിപ്പിക്കുമെന്ന് ഉറപ്പാണ്. ആരവങ്ങൾ നിറഞ്ഞുപതയുന്ന ഗാലറികൾക്കായി തങ്ങൾ ഇനിയും കാത്തിരിക്കാൻ ഒരുക്കമാണെന്ന് അവർ പറയുന്നു.
ജർമ്മൻകാർക്ക് മാത്രമല്ല, യൂറോപ്പിൽ പൊതുവെ ഫുട്ബാൾ വെറും ഒരു കളിയല്ല. അതവരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്നു. അതുകൊണ്ടാണ് കൊവിഡിന്റെ വ്യാപനത്തിന് വഴിയൊരുക്കുന്നതിൽ ചെറുതല്ലാത്ത ഒരു പങ്കുണ്ടായിട്ടും അവർ ഫുട്ബാളിനെ സ്നേഹിക്കുന്നത്. അതിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്...