ന്യൂഡൽഹി: കൊവിഡിന്റെ സാഹചര്യത്തിൽ പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ 'വന്ദേ ഭാരത് മിഷന്റെ' രണ്ടാം ഘട്ടം ഈ മാസം 16 മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ മുൻപുണ്ടായിരുന്നതിലും ഇരട്ടി വിമാനങ്ങളിൽ 31 രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരികെയെത്തിക്കുമെന്നാണ് വിവരം. 64 വിമാനങ്ങളിൽ പ്രവാസികളെ തിരികെ എത്തിക്കുന്ന 'വന്ദേ ഭാരതി'ന്റെ ആദ്യ ഘട്ടം മെയ് 15നാണ് അവസാനിക്കുക. മിഷന്റെ ആദ്യഘട്ടത്തിലൂടെ എണ്ണായിരത്തിലധികം പ്രവാസികളെ തിരികെ എത്തിക്കാൻ സാധിച്ചിരുന്നു.
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ, എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനകമ്പനികൾ വഴിയാണ് പ്രധാനമായും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കൂടുതൽ വിമാനങ്ങളും ഡൽഹിയിൽ നിന്നുമാകും പ്രവാസികളെ സ്വീകരിക്കാനായി പുറപ്പെടുക എന്ന വിവരവും പുറത്തുവരുന്നുണ്ട്.
സാൻ ഫ്രാൻസിസ്‌കോ, മോസ്‌കോ, ഫ്രാങ്ക്ഫർട്ട്, പാരിസ്, ഷിക്കാഗോ, സിംഗപ്പൂർ, വാഷിംഗ്‌ടൺ, നരീറ്റ, റിയാദ്, ലണ്ടൻ, വാൻകൂവർ, മെൽബൺ, ജെദ്ദ, ദമാം, സിഡ്‌നി, ടൊറോന്റോ, അബുദാബി, ധാക്ക, ബാങ്കോക്ക്, മസ്കറ്റ്, റോം, കാഠ്മണ്ഡു, ക്വാലാ ലംപൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിമാനങ്ങൾ പുറപ്പെടുക. പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിച്ച ശേഷം ഫീഡർ വിമാനങ്ങൾ വഴി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇവരെ എത്തിക്കും.