ന്യൂഡൽഹി: തീവ്രവാദ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ കൂടുതൽ ശക്തമായി പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയോട് സഹായമഭ്യർത്ഥിച്ച് അമേരിക്കൻ പ്രതിനിധി. യു.എസ് പ്രത്യേക നയതന്ത്ര പ്രതിനിധി സൽമായ് ഖലീൽസാദ് ആണ് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാനുമായി ഇന്ത്യ നേരിട്ട് ഇടപെടണമെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണമെന്നുമാണ് സൽമായ് ഖലീൽസാദ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ എത്തിയിരുന്ന ഖലീൽസാദ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ഇന്ത്യ ഊർജിതമായി ഇടപെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഖലീൽസാദ് വ്യക്തമാക്കി. ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ഖലീൽസാദ് ചർച്ചകൾ നടത്തിയിരുന്നു.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദം രൂക്ഷമാകുന്നത് ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അതിനെ ഇല്ലായ്മ ചെയ്യുന്നതിനായി പാകിസ്ഥാനിൽ തീവ്രവാദികൾക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ള അഭയസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്നും ചർച്ചയിൽ ഡോവലും ജയ്ശങ്കറും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ മാർഗത്തിലൂടെ മാത്രമേ അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുലരുകയുള്ളൂ എന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ഖലീൽസാദിന്റെ ഈ അഭ്യർത്ഥനയോടു ഇന്ത്യ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താലിബാൻ തീവ്രവാദത്തിന്റെ അന്ത്യമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. പാകിസ്ഥാൻ സൈന്യവുമായി നേരിട്ട് ബന്ധമുള്ള തീവ്രവാദ സംഘടനയാണ് താലിബാൻ എന്നതിനാൽ ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ കാലാകാലങ്ങളായി ഇന്ത്യ മടി കാട്ടിവരികയായിരുന്നു. ആ ശീലത്തിന് മാറ്റം വരുത്തുന്നതിന്റെ സൂചനയാണ് ഇപ്പോൾ കാണുന്നത്.