കൊച്ചി: തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീഷോട്ടിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകി കോൺഗ്രസ് പറവൂർ എം.എൽ.എ വി.ഡി സതീശൻ. സ്ക്രീൻഷോട്ട് വ്യാജമായി നിർമ്മിക്കപ്പെട്ടതാണെന്നും തനിക്ക് നേരെ സി.പി.എം പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. താൻ ഇത്തരത്തിലുള്ള വാചകങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാനും മിനിട്ടുകൾക്ക് മുൻപാണ് കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളോട് കൂടിയുള്ള സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചത്. എം.എൽ.എ ഒരാളുടെ ഫേസ്ബുക്ക് കമന്റിന് പ്രതികരിക്കുന്ന മട്ടിലുള്ള സ്ക്രീഷോട്ടാണ് പ്രചരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്.
ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല.
അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.'