ന്യൂയോർക്ക് : സെപ്തംബറിന് മുമ്പ് ഓഫീസ് തുറക്കാൻ സാധ്യത ഇല്ലെന്നും ലോക്ക്ഡൗൺ അവസാനിച്ചാലും പല ജീവനക്കാർക്കും വീട്ടിലിരുന്ന് തന്നെ സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റർ അറിയിച്ചു. ലോക്ക്ഡൗൺ തുടരുന്നതിനാൽ മാർച്ചിൽ ടെലിവർക്കിലേക്ക് മാറിയ ആദ്യ കമ്പനിയാണ് ട്വിറ്റർ.
ജീവനക്കാരെ അതിവേഗം തന്നെ വീടുകളിൽ നിന്നും ജോലി ചെയ്യാവുന്ന രീതിയിലേക്ക് മാറ്റിയെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയിലാണ് കമ്പനിയുടെ പ്രവത്തനങ്ങൾ നടക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർ പ്രാപ്തരാണെങ്കിലും, ഈ രീതി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിലും അതിനുള്ള പൂർണ്ണ സ്വാതന്ത്യ്രം ജീവനക്കാർക്കായി അനുവദിക്കുമെന്നും ട്വിറ്റർ വക്താവ് കൂട്ടിച്ചെർത്തു.
ജീവനക്കാർ എപ്പോൾ തിരിച്ചെത്തുന്നുവോ അപ്പോൾ അവർക്കായി ഓഫീസ് തുറക്കുമെങ്കിലും, മുമ്പ് പ്രവർത്തിച്ച രീതിയിലായിരിക്കില്ല ഇനിയുള്ള പ്രവർത്തനമെന്നുംഅദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിനനുസരിച്ച് ശ്രദ്ധാപൂർവ്വമായിരിക്കും കമ്പനിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളെന്നും ട്വിറ്റർ അറിയിച്ചു. ഈ വർഷാവസാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഗൂഗിളും ഫേയ്സ്ബുക്കും അറിയിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഈ പ്രഖ്യാപനം.