ലോകം മുഴുവൻ മാസങ്ങളായി കൊവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിലാണ്. ഒരുമാസത്തിലേറെയായി ഇന്ത്യ ലോക്ക്ഡൗണിൽ ആയിട്ട്. നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹിക സാമ്പത്തിക രംഗങ്ങളെയുമെല്ലാം ഈ ലോക്ക്ഡൗൺ വളരെ വലിയ തോതിൽ ബാധിച്ചു. സാമൂഹിക ജീവിതത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്ന മലയാളികളെ ഈ ലോക്ക്ഡൗൺ ഏതുവിധത്തിലാണ് സ്വാധീനിച്ചത്? ഏതു രീതിയിലാണ് മലയാളികൾ ലോക്ക്ഡൗണിനെ നേരിട്ടത്? ലോകത്തിനെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളുടെ അഭിപ്രായങ്ങളെ കോർത്തിണക്കി കനൽ (എൻ.ജി.ഒ) ഒരു പഠനം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള റിപ്പോർട്ട്.
ഇന്ത്യ, യൂ.എസ്.എ, യൂ.കെ, യൂ.എ.ഇ, സൗത്ത് ആഫ്രിക്ക, കുവൈറ്റ്, സൗദി തുടങ്ങിയ 7 രാജ്യങ്ങളിലെ 441 മലയാളികളെയാണ് പഠനവിധേയമാക്കിയത്. വ്യക്തിജീവിതം, സാമ്പത്തിക ഇടപെടലുകൾ, മാധ്യമങ്ങൾ, പൊതുഭരണം, വിദ്യാഭ്യാസം എന്നീ അഞ്ചു മേഖലകളെ ആസ്പദമാക്കി നടത്തിയ പഠനത്തിൽ ഒരു വ്യക്തിയുണ്ട് ജീവിതത്തിലും കാഴ്ചപ്പാടിലും ലോക്ക് ഡൗൺ വരുത്തിയ മാറ്റങ്ങൾ ആണ് കണ്ടെത്താൻ ശ്രമിച്ചത്. അതോടൊപ്പം ഈ ഒരു ലോക്ക് ഡൗൺ കാലം മലയാളികൾ എപ്രകാരം വിനയോഗിച്ചു എന്നതും പഠനവിധേയമാക്കി.
62.3 % സ്ത്രീകളും 32.7% പുരുഷന്മാരുമാണ് ഈ സർവേയിൽ പങ്കെടുത്തത്. 67.3 % ആളുകൾ 18- 25 വയസുള്ളവരും 24.6 % 26- 60 വയസുള്ളവരും 8.1 % 60 വയസിനു മുകളിൽ പ്രായമുള്ളവരും ആയിരുന്നു. 19.8 % BPL വിഭാഗവും 69.1 % APL വിഭാഗവും 11.1 % റേഷൻ കാർഡ് ഇല്ല രേഖപെടുത്തിയവരുമാണ്.
വ്യക്തി ജീവിതം
മലയാളിയുടെ വ്യക്തി ജീവിതത്തെ രണ്ടായി തിരിച്ചാണ് പഠനം നടത്തിയത് . ആദ്യമായി ഒരാളുടെ ദിനചര്യകളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചു. മലയാളികളെ വീടിനുള്ളിൽ തളച്ചിട്ട ഈ ലോക്ക്ഡൗൺ അവരുടെ മൊബൈൽ ഫോണിന്റെയും ടീവിയുടെയും ഉപയോഗം വളരെ വലിയ തോതിൽ ഉയർത്താൻ കാരണമാക്കി. 72.94% ആളുകളുടെയും മൊബൈൽ ഉപയോഗം വളരെ വലിയതോതിൽ കൂടിയതായി പറയുന്നു അതെ സമയം 17.04% ആളുകളിൽ മാറ്റമില്ലാതെയും 7.92% കുറഞ്ഞതായും പറയുന്നു. ഇതിൽ 64.3% ആളുകളുടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വളരെ അധികം കൂടി എന്ന് പറയുമ്പോഴും മൊബൈലിൽ ഗെയിം കളിക്കുന്നവരുടെ എണ്ണത്തിൽ അത്ര വലിയ വളർച്ച കാണിച്ചില്ല. 39.46% മാത്രമാണ് തങ്ങളുടെ മൊബൈൽ ഗെയിമിംഗ് കൂടി എന്ന് അഭിപ്രായപ്പെട്ടത്. 64.54% പേർ തങ്ങളുടെ ലോക്ക് ഡൗൺ കാലം പുതിയ അറിവ് സമ്പാദിക്കുന്നതിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ഉപയോഗപ്പെടുത്തി. 49.32% ആളുകളുടെ വായനാശീലം കൂടി 69.54% പേർ ടീവി കാണുന്നതും കൂടി. മൊബൈൽ ഫോണിന്റെ ഉപയോഗം ലോക്ക്ഡൗൺ കാലത്തു പുതിയകാര്യങ്ങൾ മനസിലാക്കുന്നതിനും പഠിക്കുന്നതിനുമായി ഉപയോഗിച്ചു എന്നത് വളരെ പോസിറ്റീവായ ഒരു കാര്യമാണ്. 64.53% ആളുകളിൽ ഉറക്കസമയം കൂടുകയും 9.54% ആളുകളിൽ ഉറക്ക സമയം കുറയുകയും ചെയ്തു. പക്ഷേ ആരോഗ്യപരമായ ഒരു ഉറക്ക ശീലമല്ല പലരിലും കാണുന്നത്. 61.81% ആളുകളുടെ വീട്ടുജോലി കൂടി എന്ന് പറയുമ്പോൾ 28.4% ആളുകൾക്ക് അതിൽ മാറ്റമൊന്നും ലോക്ക്ഡൗൺ മൂലമുണ്ടായില്ല. മലയാളിയുടെ വ്യായാമ ശീലത്തിൽ കാര്യമായ പുരോഗതി ലോക്ക് ഡൗൺ കൊണ്ട് ഉണ്ടായില്ല. 68 % ആളുകളിലും വ്യായാമ ശീലം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ആണ് ചെയ്തത് പക്ഷെ വീടിനു വെളിയിലുള്ള കളികളിൽ മുഴുകുന്ന സമയത്തിൽ 38.85% ആളുകളിൽ കൂടിയതായി പറയുന്നു. 35.13% പ്രാർത്ഥനാ സമയം കൂടിയപ്പോൾ 39.31 % ആളുകളിൽ അത് കുറയുകയോ പ്രാർത്ഥന തങ്ങൾക്കു ബാധകമല്ല എന്നോ അഭിപ്രായമുള്ളവരാണ്. മലയാളിയുടെ ഭക്ഷണശീലത്തെ മാറ്റിമറിച്ച കാലമായ് ഈ ലോക്ക്ഡൗൺ കാലം മാറി. 81.2 % ആളുകളും പ്രാദേശികമായി ലഭിക്കുന്ന ഫലവർഗങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തിയവരും അവ തുടർന്നും കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവരുമാണ്.
ശീലങ്ങൾക്ക് ശേഷം രണ്ടാമതായി പഠിച്ചത് വ്യക്തിബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചാണ്. ഈ കാലയളവിൽ മലയാളിയുടെ വ്യക്തിബന്ധങ്ങളിൽ വളരെ വലിയ പുരോഗതി ഉണ്ടായതായി പഠനങ്ങൾ കാണിക്കുന്നു. കുടുംബാംഗങ്ങളുമായി തങ്ങൾക്കുള്ള ബന്ധത്തെ കൂടുതൽ മികച്ചതാക്കാൻ ലോക്ക് ഡൗൺ സഹായിച്ചതായി 59.74% ആളുകളുടെയും അഭിപ്രായപെടുന്നു. 1.36% ആളുകളിൽ മാത്രമാണ് വ്യക്തി ബന്ധം മോശമായത്. കേരളത്തിലെ ഗാർഗിക പീഡന കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി എന്ന സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ യുടെ കണക്കുകളെ ശെരിവെയ്ക്കുന്നതാണ് ഈ പഠനം. 44 % ആളുകളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെയും ഈ ലോക്ക്ഡൗൺ കാലം നല്ല രീതിയിൽ പുരോഗതിയുണ്ടാക്കി. 44.87% കുട്ടികളിൽ മാതാപിതാക്കളോടുള്ള സമീപനത്തിലും 46.09% മാതാപിതാക്കളിൽ കുട്ടികളോടുള്ള സമീപനത്തിലും മികച്ച പുരോഗതിയുണ്ടാകാൻ ലോക്ക്ഡൗൺ കാരണമാക്കി. 55.21% ആളുകളെ ഈ ലോക്ക്ഡൗൺ കാലം അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കൂടുതൽ ഇടപെടുക്കുവാനും സഹായിച്ചു. 62.72% ആളുകളിൽ പ്രകൃതിയോടുള്ള സമീപനത്തിലും 55.67% ആളുകളിൽ പക്ഷി മൃഗാതികളോടുള്ള സമീപനത്തിലും ഗുണകരമായ മാറ്റം ഈ കാലയളവിൽ ഉണ്ടായി.
മലയാളിയുടെ കൊവിഡ് കാലത്തെ മാനസികാവസ്ഥ
ലോക്ക്ഡൗൺ കാലത്തെ മലയാളിയുടെ മാനസികാവസ്ഥയെ കുറിച്ചായിരുന്നു അടുത്തതായി പഠിച്ചത്. ഈ കാലയളവിൽ 45.67% ആളുകൾക്കും മാനസികോല്ലാസം വളരെ അധികം കൂടി എന്ന് അഭിപ്രായപ്പെട്ടപ്പോൾ 29.53% ദുഃഖം കൂടാൻ ലോക്ക് ഡൗൺ കാരണമായി. 50.44% ആളുകൾക്കു ലോക്ക്ഡൗൺ ഏകാന്തത കൂട്ടിയപ്പോൾ 30.67% ആളുകൾക്ക് സാമൂഹികമായ ഒറ്റപ്പെടൽ നേരിട്ടതായി പറയുന്നു. ഏകാന്തത കൂടി എന്ന് അഭിപ്രായപെട്ടവരിൽ ഭൂരിഭാഗവും കൂടിയ അളവിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് എന്നും പഠനം സൂചിപ്പിക്കുന്നു. 20 22 % ആളുകളിൽ ഈ ലോക്ക് ഡൗൺ കാലം ഡിപ്രെഷൻ, ആങ്സിറ്റി, മരണഭയം, മാനസിക അസ്വസ്ഥത തുടങ്ങിയവ കൂട്ടിയതായും കാണുന്നു. എന്നിരുന്നാലും വളരെ വലിയ മാനസിക അസ്വാത്യങ്ങളിലേക്കു ലോക്ക്ഡൗൺ മലയാളിയെ നയിച്ചില്ല എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
സാമ്പത്തിക തൊഴിൽ മേഖല
ഏതൊരു വ്യക്തിയെ പോലെയും മലയാളിയുടെ സാമ്പത്തിക തൊഴിൽ മേഖലയെയും ലോക്ക്ഡൗൺ വളരെ മോശമായി തന്നെ ബാധിച്ചു. 48.61% കുടുംബങ്ങളുടെയും ബഡ്ജറ്റിനെ ലോക്ക്ഡൗൺ തകരാറിലാക്കി 34.5% കുടുംബങ്ങളെ സാരമായി ലോക്ക്ഡൗൺ ബാധിച്ചില്ല. 8.4% കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ അവരുടെ വരുമാനത്തെ കൂട്ടാൻ സഹായിച്ചു എന്നതും ശ്രദ്ധേയമാണ്. വരുമാനം കുറയുകയോ നിലയ്ക്കുകയോ ചെയ്തത് മൂലം 8.5 % ആളുകൾ മറ്റു പല വരുമാനമാർഗങ്ങളെയും ആശ്രയിച്ചു. ലോക്ക്ഡൗണിനു ശേഷം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് 20.9% ആളുകൾ വിശ്വസിക്കുന്നു, തൊഴിൽ നഷ്ടപ്പെടില്ല എങ്കിലും തങ്ങളുടെ വരുമാനത്തിൽ കാര്യമായ കുറവ് ഉണ്ടാകും എന്ന് 24.4% പേരും വിശ്വസിക്കുന്നു. 14.72% ആളുകൾക്കു ഏതാണ് സംഭവിക്കാൻ പോവുക എന്ന് ഒരു ധാരണയും ഇല്ല എന്നും അഭിപ്രായപ്പെട്ടു. 70.7% ആളുകളും ഈ കാലയളവിൽ ജോലിക്ക് പോയില്ല. 11.6% ആളുകൾക്കു തൊഴിൽ നഷ്ടമുണ്ടായില്ല. 18.6% മാത്രമാണ് ഈ ലോക്ക്ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോം ചെയ്തത്. ഇവരിൽ 64.9% ആളുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യപ്രദമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ 52.6% ആളുകൾക്കു വർക്ക് ഫ്രം ഹോം കുടുംബം/ കുട്ടികളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുന്നു എന്ന അഭിപ്രായമുള്ളവരാണ്. 42.26% ആളുകൾ സാധനങ്ങൾ വാങ്ങുന്നതിന്റെ അളവ് ലോക്ക്ഡൗൺ കാലയളവിൽ കുറഞ്ഞു എന്ന് പറഞ്ഞപ്പോൾ 28.63% പേർക്ക് അത് സാധാരണയിൽ നിന്നും കൂടി. 22.95% ആളുകളുടെ ചെലവ് കൂടിയപ്പോൾ 51.36% പേർക് ചെലവ് കുറയുകയാണ് ഉണ്ടായത്. ഓൺലൈൻ വ്യാപാരത്തിൽ ഉണ്ടായ കുറവ് 13 .2 % ആളുകളെ മാത്രേ ബാധിച്ചിട്ടുള്ളു. 22.4 % പേർ അത് തങ്ങളുടെ ചെലവ് കുറക്കാൻ സഹായിച്ചു എന്ന അഭിപ്രായക്കാരാണ്. ആശങ്കാജനകമായി തോന്നിയ ഒരു കാര്യം ലോക്ക്ഡൗണിനു ശേഷമുള്ള ആളുകളുടെ മാറുന്ന സാമ്പത്തിക കാഴ്ചപ്പാടാണ്. 53% ആളുകൾ തങ്ങളുടെ ചിലവ് കുറയ്ക്കും എന്ന് അഭിപ്രായപെട്ടപ്പോൾ 34.8% തങ്ങളുടെ സമ്പാദ്യശീലം കൂട്ടും എന്നാണ്. കൂടുതൽ സാമ്പത്തിക ഭദ്രതക് വേണ്ടി പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും എന്ന് പറഞ്ഞത് 23.4 % ആളുകൾ മാത്രമാണ്. പൊതുജനം ചെലവ് കുറയ്ക്കുകയും സമ്പാദ്യശീലം കൂട്ടുകയും ചെയുമ്പോൾ ലോക്ക് ഡൗൺനു ശേഷം വിപണിയിൽ വരാൻ സാധ്യതയുള്ള ഒരു മാന്ദ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പൊതുഭരണം
സർവേയിൽ പങ്കെടുത്ത 72.6% ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായങ്ങൾ ഈ കാലയളവിൽ ലഭിച്ചവരാണ്. 6.8% പേർക്ക് മാത്രമാണ് സഹായങ്ങൾ ലഭിച്ചില്ല എന്ന് അഭിപ്രായം പറഞ്ഞത്. മറ്റുള്ളവർ സഹായങ്ങൾ സ്വീകരിക്കാത്തവരോ ബാധകമല്ലാത്തവരോ ആണ് എന്ന അഭിപ്രായമാണ് പറഞ്ഞത്. 57.7% ആളുകൾ നമ്മുടെ പൊതുവിതരണ സംവിധാനം മികച്ചതാണ് എന്ന അഭിപ്രായം പറഞ്ഞപ്പോൾ 28.4% പേർ അത് കൂടുതൽ മികച്ചതാകണം എന്ന അഭിപ്രായക്കാരാണ്. 11.8% പേർക് മരുന്നുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടപ്പോൾ 1 .6 % ആളുകൾക്കു സർക്കാരിൽ നിന്നും സൗജന്യ മരുന്ന് ലഭിച്ചവരാണ്. 24.5 % ആളുകൾക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വന്നു. 32.3% ആളുകൾക്ക് അത്തരം ആവശ്യങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വന്നില്ല. പൊതുഗതാഗതം നിർത്തലാക്കിയത് 22.5% പേർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി, 24.1% പേർ സ്വന്തം വാഹനത്തിൽ ഈ കാലയളവിൽ യാത്ര ചെയ്തു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്ന് 47 % ആളുകൾ പറയുമ്പോൾ 17.3% പേർക്ക് എതിരഭിപ്രായമാണുള്ളത്. മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ല എന്ന് 22% ആളുകളും പറയുന്നു.
വിദ്യാഭ്യാസ മേഖല
സർവേയിൽ പങ്കെടുത്ത 42.7% ആളുകളും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കാകുലരാണ്. അടുത്ത അധ്യായന വർഷം കുട്ടികളുടെ പഠന ഭാരം കൂടും എന്ന് 45.6% പേർ കരുതുന്നു. ഇതിനെ ഒഴിവാക്കാൻ ഓൺലൈൻ ക്ലാസുകളുടെ സാധ്യത കൂട്ടണം എന്ന അഭിപ്രായക്കാരാണ് 51 % ആളുകളും. അടിസ്ഥാന ആരോഗ്യ വിദ്യാഭാസത്തിന്റെ പ്രാധാന്യം കൂട്ടണം എന്ന് 46.6% പേർ അഭിപ്രായപ്പെട്ടു. സിലബസ് ലളിതമാകണമെന്ന പക്ഷമുള്ളതു 43.2% പേർക്കാണ്. 35.5 % ആളുകളാണ് ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളെ പുതുതായി എന്തെകിലും പഠിപ്പിക്കുകയോ അതിനു അവരെ സഹായിക്കുകയോ ചെയ്തത്.
മാദ്ധ്യമങ്ങളും മലയാളിയും
69.4% ആളുകളിൽ വാർത്ത കാണുന്ന സമയവും 64.3% പേരിൽ സോഷ്യൽ മീഡിയ ഉപയോഗവും ലോക്ക്ഡൗൺ കാലയളവിൻ വളരെ കൂടി. കൊവിഡ്19 തുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാൻ 64.4% പേർ വാർത്ത ചാനലുകളെ ആശ്രയിച്ചപ്പോൾ 5.4% പേർ പത്രത്തേയും 19 % സോഷ്യൽ മീഡിയയെയും 7 % സർക്കാർ സംവിധാനങ്ങളെയും ആശ്രയിച്ചു. ഏറ്റവും വിശ്വസനീയമായ മാദ്ധ്യമമായി 53.6% ആളുകൾ വാർത്ത ചാനലുകളെ കാണുമ്പോൾ 26.1% കരുതുന്നത് പത്രത്തെയാണ് 10.2% പേർ സർക്കാർ സംവിധാനങ്ങളെയും 8.2% പേർ സോഷ്യൽ മീഡിയയെയും വിശ്വസനീയമായി കാണുന്നു. 14.5% ആളുകൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളുടെ ആധികാരികത നോക്കാതെ അവ ഷെയർ ചെയിട്ടുള്ളവരാണ്. ലോക്ക് ഡൗൺ ഏകോപനത്തിന് പത്ര,ശ്രവ്യ,ദൃശ്യ മാധ്യമങ്ങൾ വളരെ വലിയ പങ്കുവഹിച്ചതായി 45.1 ആളുകൾ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ ഏകോപനത്തിന് സഹായിച്ചതായി 37.9 % പേർ പറഞ്ഞപ്പോൾ 26.1 % ആളുകൾ കരുതുന്നത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സോഷ്യൽ മീഡിയ ആണ് എന്നാണ്.
ലോക്ക്ഡൗൺ മലയാളികളെ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും പരീക്ഷിക്കുന്നതിനും സഹായിച്ചു. അതോടൊപ്പം വ്യക്തി ബന്ധങ്ങളെ ഊഷ്മളമാക്കാനും പരസ്പരം കൂടുതൽ അറിയാനും മനസ്സിലാക്കാനും സഹായിച്ചു. ഭക്ഷണ ശൈലിയിൽ ഉണ്ടായ മാറ്റം തുടർന്നും പോകാൻ ആഗ്രഹിക്കുന്നവർ തരുന്ന സൂചന ആരോഗ്യപരമാണ്. വിദ്യാഭ്യാസ മേഖലയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അത് പോല തന്നെ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് മലയാളിയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തില്ല എങ്കിൽ ഉണ്ടാകാൻ പോകുന്നത് വിപണിയിലെ വലിയ മാന്ദ്യമാണ്. മൊബൈൽ ഫോണിനെ പുതിയ കാര്യങ്ങൾ പഠിക്കാനായി ഉപയോഗിക്കുന്നത് ശുഭസൂചകമാണ്. ലഭിച്ച സമയം കൂടുതൽ ക്രിയാത്മകവും ഉപയോഗപ്രദവുമായി മാറ്റിയ മലയാളി സമൂഹം ഏതൊരു സമൂഹത്തിനും മാതൃക തന്നെയാണ്.
ഈ പഠനത്തിൽ നിന്നും ലഭിച്ച നിരീക്ഷണങ്ങളും വിവരങ്ങളും നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു. ഈ പഠനവുമായി സഹകരിച്ച എല്ലാവർക്കും കനലിന്റെ നന്ദി അറിയിക്കുന്നു.
സ്നേഹപൂർവ്വം
Anson P D Alexander
Director Kanal
Report Preparation
Anson P D Alexander
Athira Krishnan
Sreechandana CS
Kanal Survey Team
Adv. Anson P D Alexander
Athira Krishnan
Sreechandana CS
Sreeji MA
Gowri A G
Adv. Ubaidulla Farook
Devi Kavya
Muhsina Jafar
Adv. Namita Philson