migre

ഭോപാൽ: ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ സുരക്ഷയോ തങ്ങൾക്ക് നൽകുന്നില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്ര- മദ്ധ്യപ്രദേശ് അതിർത്തിയിലെ സെന് ധ്വാ ‌ടൗണിൽ കുടിയേറ്റ തൊഴിലാളികൾ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ബഹളമുണ്ടാക്കി.മഹാരാഷ്ട്രയിലെ പൂനയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരിൽ ഒരു വിഭാഗം.

മദ്ധ്യപ്രദേശിലേക്ക് പുറപ്പെട്ട ഇവരെ തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ലെന്ന് തൊഴിലാളികളുടെ കൂട്ടത്തിലെ ശൈലേഷ് ത്രിപാഠി ആരോപിക്കുന്നു. മദ്ധ്യപ്രദേശ് സർക്കാർ ഒരു സഹായവും ചെയ്തില്ല. രാത്രി മുഴുവൻ വിശപ്പും ദാഹവും സഹിച്ച് വനത്തിനോട് ചേർന്നുള്ള ഇവിടെ കഴിയേണ്ടി വന്നെന്നും ത്രിപാഠി പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർക്കു നേരെയും ഇവർ ശക്തമായ കല്ലേറ് നടത്തി. എന്നാൽ സർക്കാർ ഏർപ്പെടുത്തിയ ബസുകൾ പോയതോടെ ഇനി വാഹനമില്ലെന്ന് കരുതിയാണ് ചില തൊഴിലാളികൾ പ്രശ്നമുണ്ടാക്കിയതെന്ന് ജില്ലാ കളക്ട‌ർ അമിത് തോമർ പറഞ്ഞു. എന്നാൽ വണ്ടി വരുമെന്ന് അറിയിച്ച് ഇവരെ സമാധാനിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

ഇതാദ്യമായല്ല തൊഴിലാളികൾ ഇവിടെ പ്രശ്നമുണ്ടാക്കുന്നത്. മേയ് മൂന്നിനും അവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മുംബൈ-ആഗ്ര ഹൈവേ ഉപരോധിച്ചിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തൊഴിലാളികളോട് ശാന്തരാകാൻ ആഹ്വാനം ചെയ്തു. ആരോഗ്യ പരിശോധനകൾക്ക് ശേഷം സൗജന്യമായി തൊഴിലാളികളെ വാഹനത്തിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.