kaumudy-news-headlines

1. കൊവിഡിന്റെ പശ്ചാത്തലത്തതില്‍ നാട്ടില്‍ തിരച്ച് എത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം എന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സര്‍ക്കാര്‍ ക്വാറന്റീന്‍ ഏഴു ദിവസമായി ചുരുക്കണം എന്നും ബാക്കി ഏഴു ദിവസം ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കണം എന്നുമുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആകില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍ല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മറുനാടന്‍ തൊഴിലാളികള്‍, കര്‍ഷകര്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ആയി 3.16 ലക്ഷം കോടിയുടെ പദ്ധതികള്‍ ആണ് രണ്ടാംഘട്ട പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചത്. അതിനിടെ, ഇന്ത്യക്ക് ലോകബാങ്കിന്റെ ധനസഹായം. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്ക് ആയി 100 കോടി ഡോളറിന്റെ ധനസഹായമാണ് ലോകബാങ്ക് ഇന്ത്യക്ക് നല്‍കുക.


2. ഇന്നലെ മാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. ജില്ലയിലാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം ആക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും. ഇടവേളക്ക് ശേഷം കൊവിഡ് ഗ്രാഫ് ഉയരുന്നത് വലിയ ആശങ്കയാണ് കാസര്‍കോട് ജില്ലയില്‍ ഉണ്ടാക്കുന്നത്. പൊതു പ്രവര്‍ത്തകനും ജനപ്രതിനിധിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. രോഗികളേയും കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരിക്കലും കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ഏറെ തവണയും ഇരുവരും പോയതായും വിവരമുണ്ട്. പൊതുപ്രവര്‍ത്തകന്‍ മൂന്ന് തവണ രോഗികളെയും കൊണ്ട് എത്തിയ സാഹചര്യത്തില്‍ കഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ ആണ്. അതേസമയം ഒരു ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകേണ്ടതില്ല എന്ന നിലപാടിലാണ് പൊലീസ്. ആളുകള്‍ കൂടുന്നിടത്തെല്ലാം മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തുന്നുണ്ട് . സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങളെ ബോധ വത്കരിക്കുന്നതിന് ഉള്ള പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ഇപ്പോള്‍ നടക്കുന്നത്.
3. അതിനിടെ, രോഗബാധിതര്‍ ദിനംപ്രതി കൂടുന്ന വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മാനന്തവാടി മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കളക്രേ്ടറ്റിലെ പതിവ് അവലോകന യോഗങ്ങളും ദിവസേനയുള്ള വാര്‍ത്താ സമ്മേളനവും തല്‍കാലത്തേക്ക് നിറുത്തി. പൊലീസുകാരില്‍ കൂടുതല്‍ പേര്‍ക്ക് രോഗംബാധിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അടക്കം ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. നേരത്തെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ആണ് ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നത് എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കളക്ടര്‍ ആവര്‍ത്തിക്കുന്നത്. ജില്ലയില്‍ റാന്‍ഡം ടെസ്റ്റുകളും തുടരുകയാണ്. നിലവില്‍ മാനന്തവാടി താലൂക്കിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്. ആദിവാസി വിഭാഗക്കാര്‍ കൂടുതലുള്ള താലൂക്കില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യവസ്തുക്കള്‍ വില്‍കുന്ന കടകളല്ലാതെ ഒരു സ്ഥാപനവും തുറക്കില്ല. ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണാക്കിയ ഓരോ പഞ്ചായത്തുകളുടെയും മേല്‍നോട്ടത്തിന് പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
4. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുക ആണ്. 81,970 പേര്‍ക്ക് ആണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 3,967 പേര്‍ക്കാണ്. 27,920 പേരുടെ രോഗം ഭേദമായി. ഇതുവരെ രോഗം ബാധിച്ച് 2,649 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 24 മണിക്കൂറിനിടെ മരിച്ചത് 100 പേര്‍. കൊവിഡ് അതിരൂക്ഷമായി ബാധിക്കുന്നത് മഹാരാഷ്ട്രയെ ആണ്. 27,524 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. 1,019 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 1,602 കോവിഡ് കേസുകളും 44 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചു. 6,059 പേര്‍ക്കാണ് രോഗം ഭേദമായത്. മുംബയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 31 വരെയാണ് ഇവിടെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
5. രാജ്യ തലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 8,470 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഇരിക്കുന്നത്. 115 പേര്‍ ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 4,328 കേസുകളാണ് ഇതുവരെ രാജസ്ഥാനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 121 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു
6. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി ആയ ബേക്കറി ഉടമയുടെ രോഗഉറവിടം കണ്ടെത്തുന്നതില്‍ തലവേദന. പുറ്റടിയില്‍ ബേക്കറി നടത്തുന്ന 39 കാരന്‍ ആയ ഇയാള്‍ ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പ്രാഥമിക വിവരം. ഇന്നലെയും കട തുറന്നിരുന്നു. മൂന്ന് ദിവസം മുമ്പ് റാന്‍ഡം പരിശോധനയുടെ ഭാഗമായാണ് ഇയാളില്‍ നിന്ന് സ്രവം ശേഖരിച്ചത്. പരിശോധനാ ഫലം വന്നത് ഇന്നലെ ഉച്ചയോടെയും. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. കരുണാപുരം പഞ്ചായത്തില്‍ നേരത്തെ ഒരു കൊവിഡ് കേസ് ഉണ്ടായിരുന്നു എങ്കിലും ആ രോഗിയുമായി യുവാവിന് സമ്പര്‍ക്കം ഉണ്ടായിട്ടില്ല.
7. കമ്പംമേട്ട് വഴി തമിഴ്നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് ഇയാള്‍ ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ നല്‍കിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം ബാധിച്ചത് എന്നാണ് പ്രധാന സംശയം. ബേക്കറിയിലും വീടിന് പരിസരത്തു ഒക്കെയായി ആയിരത്തില്‍ അധികം പേരുമായി യുവാവ് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇവരെ ഒക്കെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കുക എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വന്‍ വെല്ലുവിളിയാണ്.