wto-head
WTO HEAD

ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി​.ഒ) മേധാവി സ്ഥാനം റോബർട്ടോ അസിവേദോ രാജിവെച്ചു. കൊവിഡ് വൈറസ് ബാധ ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാരത്തെയും ആഴത്തിൽ ബാധിച്ച സാഹചര്യത്തിലാണ് അസിവേദോയുടെ രാജി എന്നതാണ് പ്രധാനം. വ്യാഴാഴ്ച ചേർന്ന ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 31 വരെ നിലവിലെ പദവിയിൽ അസിവേദോ തുടരുമെന്നും ഡബ്ല്യു.ടി​.ഒ വാർത്താകുറിപ്പിൽ അറിയിച്ചു. രാജി പ്രഖ്യാപനം വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയുടെ മികച്ച താൽപര്യത്തിന് യോജിച്ചതാണെന്നും അസിവേദോ വ്യക്തമാക്കി. 62കാരനായ അസിവേദോക്ക് 2021 സെപ്തംബർ വരെ കാലാവധി ഉണ്ടായിരുന്നു. പുതിയ മേധാവിയെ അടുത്ത മാസം തിരഞ്ഞെടുത്തേക്കും. തുടർച്ചയായ രണ്ടാം തവണയാണ് റോബർട്ടോ അസിവേദോ ഡബ്ല്യുടിഒയുടെ ‍ഡയറക്ടർ ജനറൽ സ്ഥാനത്തേയ്ക്ക് എത്തിയത്. അതേസമയം, വ്യാപാര ഇടപാടുകളിൽ ഡബ്ല്യു.ടി.ഒ ചൈനയെ പിന്തുണക്കുന്നെന്ന അമേരിക്കൻ ആരോപണത്തിനു പിന്നാലെയാണ് ഡയറക്ടർ ജനറലുടെ രാജി.രാജിക്കു പിന്നാലെ റോബർട്ടോയെ പ്രകീർത്തിച്ചു ഡബ്ല്യു.ടി.ഒയുടെ യുഎസ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ രംഗത്തുവന്നു.