മംഗളുരു: സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും വക റേഷനും മറ്ര് ആനുകൂല്യങ്ങളും കേരളം നമ്മുടെ 'അതിഥി' തൊഴിലാളികൾക്ക് കരുതലോടെ നൽകുന്നതുപോലെയല്ല തൊട്ടടുത്തുള്ള സംസ്ഥാനമായ കർണാടകത്തിൽ. കുറച്ച് നാൾ മുൻപ് നാട്ടിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമേകാനും അവരുടെ ദേഷ്യം തണുപ്പിക്കാനും നൽകിയ അഞ്ച് കിലോ സൗജന്യ അരിയിൽ നിറയെ പുഴുക്കളായിരുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്തത്ര മലിനമായ അരി മിക്ക തൊഴിലാളികളും കളഞ്ഞു. സംസ്ഥാന തൊഴിൽ വകുപ്പ് നൽകിയ അരി വിവാദമായതിനെ തുടർന്ന് ബാക്കിവന്നത് സർക്കാർ തിരിച്ചെടുത്തു.
ഉത്തർ പ്രദേശ്,ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തിരികെ നാട്ടിൽപോകാൻ സൗകര്യം ചെയ്യണം എന്നാവശ്യപ്പെട്ട് മുൻപ് ബഹളമുണ്ടാക്കിയത്. ഇവരെല്ലാം സർക്കാർ നൽകിയ അരി കണ്ട് ഞെട്ടി. വൈകാതെ തിരികെ മടങ്ങാൻ വാഹനം ഏർപ്പെടുത്തി നൽകാം എന്ന് ഉറപ്പ് നൽകിയാണ് അധികൃതർ ഇവരെ ആശ്വസിപ്പിച്ച് മടങ്ങിയത്.