trump
TRUMP

വാഷിംഗ്ടൺ։ കൊവിഡിന്റെ പശ്ചാതലത്തിൽ ചൈനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വൈറസ് ബാധിച്ച് ലോകത്താകമാനം മൂന്ന് ലക്ഷത്തിലധികം ആളുകൾ മരിച്ചതോടെയാണ് കഠിനമായ തീരുമാനങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന ഭീഷണി മുഴക്കി ട്രംപ് രംഗത്തു വന്നത്. പ്രമുഖ മാദ്ധ്യമമായ ഫോക്സ് ബിസിനസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ്​ പ്രസിഡന്റ് ഷി ജിൻപിംഗുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത് ​.എന്നാൽ ഈ അവസരത്തിൽ അദ്ദേഹവുമായി സംസാരിക്കാനും അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാനും ഞാൻ ആഗ്രഹിക്കുന്നില്ല - ട്രംപ് പറഞ്ഞു. ചൈനീസ്​ വിദ്യാത്ഥികൾക്ക് യു.എസിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. വൈറസ് വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദുഃഖമുണ്ട്​. ചൈനയുമായുള്ള വ്യാപാരബന്ധം പുനഃരാരംഭിക്കാൻ ജനുവരിയിൽ കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ, ഇപ്പോൾ കരാറിനെ കുറിച്ച്​ പുനഃരാലോചിക്കാൻ ഞങ്ങൾ തയ്യാറല്ല. അവർക്ക്​ വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കിൽ വളരെ മികച്ച വ്യാപാരകരാർ ചൈനയ്ക്ക് ലഭിക്കുമായിരുന്നു - ട്രംപ് കൂട്ടിച്ചേർത്തു. അതിനിടെ, ചൈനയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ സെനറ്റിൽ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ ചൈനയിലുള്ള കോടിക്കണക്കിന്​ ഡോളറിന്റെ പെൻഷൻ ഫണ്ട്​ പിൻവലിക്കാൻ ട്രംപ്​ ഉത്തരവിട്ടു. ഇത്തരം നടപടികൾ തുടർന്നും ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.