വാഷിങ്ടൺ: ലോകം കൊവിഡ് മഹാമാരിയോട് പൊരുതുന്നതിനിടെ ഏറ്റവും കൂടുതൽ വൈറസ്ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നായ ഇറാനെതിരെ പുതിയ ഉപരോധത്തിന് തയാറെടുത്ത് യു.എസ്. ഇറാനെതിരെ നിലനിൽക്കുന്ന ആയുധ ഉപരോധം വീണ്ടും തുടരാൻ അടുത്തു ചേരുന്ന യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് യു.എസ് അറിയിച്ചു. ഇതുസംബന്ധിച്ച് മുൻനിര രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്ക് പറഞ്ഞു. പ്രമേയം 15 അംഗ രക്ഷാസമിതി കടക്കാൻ ഒമ്പത് അനുകൂല വോട്ടുകൾ വേണമെന്നതിനൊപ്പം റഷ്യ, ചൈന, യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയിൽ ഒരാൾ എതിർക്കാതിരിക്കുകയും വേണം. നീക്കം എതിർക്കുമെന്ന് റഷ്യ നേരത്തെ സൂചന നൽകിയിട്ടുണ്ട്. പ്രമേയം രക്ഷാസമിതി പാസാക്കിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.