ന്യൂഡൽഹി:- തിങ്കളാഴ്ചയോടെ മൂന്നാംഘട്ട ലോക്ഡൗൺ രാജ്യത്ത് പൂർത്തിയാകുകയാണ്. മാർച്ച് 25ന് തുടങ്ങി വിവിധ നിയന്ത്രണങ്ങൾക്ക് വിധേയമായി തുടരുന്ന ലോക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളമുൾപ്പടെ സംസ്ഥാനങ്ങൾ പലവിധ മേഖലകളിലായി ഇളവുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
ആന്ധ്രപ്രദേശ്, കേരളം,കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. കൊവിഡ് ബാധയെ തുടർന്ന് അടക്കാത്ത സ്ഥലങ്ങളിൽ സാമ്പത്തിക രംഗവും പൊതുജനജീവിതവും പുനരാരംഭിക്കാനുള്ള പദ്ധതികൾ ആന്ധ്രപ്രദേശ് കേന്ദ്രത്തോട് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ടൂറിസം കൊണ്ട് പ്രധാന വരുമാനമുണ്ടാക്കുന്ന കേരളവും പാസഞ്ചർ ട്രെയിനുകൾ,മെട്രോ, ആഭ്യന്തര വിമാന സർവ്വീസ്, ഹോട്ടലുകളും ഭക്ഷണശാലകളും ഇവ കൊവിഡ് ബാധ രൂക്ഷമല്ലാത്തയിടങ്ങളിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 560ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും 500ഓളം പേർക്ക് ഭേദമായി. ഇത് ഇന്ത്യയിലെ മികച്ചൊരു ആരോഗ്യ പരിപാലന മാതൃകയാണ്.
കൊവിഡ് ബാധയെ നന്നായി പ്രതിരോധിക്കുന്ന മറ്റൊരു സംസ്ഥാനമായ കർണാടകം പൊതുസ്ഥലങ്ങൾ, ജിംനേഷ്യം, ഹോട്ടലുകൾ, ഭക്ഷണശാലകൾ ഇവ രോഗം ഗുരുതരമല്ലാത്ത ഇടങ്ങളിൽ തുറക്കണമെന്ന് ആവശ്യപ്പെടുന്നു. ഡൽഹിയിൽ കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത ഇടങ്ങളിൽ സാമ്പത്തിക രംഗം പുനരാരംഭിക്കാൻ അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണമെന്നാണ് ആവശ്യം.
രാജ്യത്ത് രോഗം കൊടുമ്പിരി കൊള്ളുന്ന തമിഴ്നാട്ടിലും ഗുജറാത്തിലും ഇളവിന് ആവശ്യം ഉയരുന്നുണ്ട്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും രോഗം ബാധിച്ച അവസ്ഥയിൽ പക്ഷെ കേന്ദ്രം അതിന് അനുമതി നൽകുമോ എന്ന് കണ്ടറിയണം. ഗുജറാത്തിൽ അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നീ പ്രധാന നഗരങ്ങളിൽ വഴി വ്യാപാരവും വിപണിയും തുറക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ സംസ്ഥാനത്ത് 80 ശതമാനം രോഗബാധക്ക് കാരണമായ നഗരങ്ങൾ ഇവയാണ്. ഇതിൽ 70 ശതമാനത്തോളം വരും അഹമ്മദാബാദിൽ മാത്രം.
2.3 ലക്ഷം പേർ ക്വാറന്റൈനിലുള്ള യു.പിയും ചില ഇളവുകൾക്ക് ശ്രമിക്കുന്നുണ്ട്. 40000പേർ ക്വാറന്റൈനിലുള്ള പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ശക്തമായ കർഫ്യുവോടെയുള്ള ലോക്ഡൗൺ തുടരണം എന്ന പക്ഷക്കാരനാണ്. ബീഹാർ, ജാർഖണ്ഡ്,ഒഡീഷ എന്നീ സംസ്ഥാനങ്ങൾ രോഗബാധ ശക്തമായി തുടരുന്നതിനാൽ ലോക്ഡൗൺ തുടരണം എന്ന അഭിപ്രായം മുന്നോട്ട് വക്കുന്നു. മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ സംസ്ഥാനത്ത് ലോക്ഡൗൺ തുടരാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ അന്തിമതീരുമാനം കേന്ദ്രത്തിന് വിടുകയാണ് അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് മഹാമാരി പടർന്നുപിടിച്ച രാജ്യങ്ങളിൽ പതിനൊന്നാമതാണ് ഇന്ത്യ എന്ന അറിയിപ്പ് പുറത്ത് വരവെ എന്ത് നടപടി സ്വീകരിക്കും കേന്ദ്രം എന്ന് ഉറ്റുനോക്കുകയാണ് ഓരോ സംസ്ഥാനങ്ങളും.