loackdown

ന്യൂഡൽഹി: കൊവിഡ്-19 മൂലം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്‌ടം 5.5-8.8 ലക്ഷം കോടി ഡോളറായിരിക്കുമെന്ന് ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) വിലയിരുത്തൽ. ഏകദേശം 668 ലക്ഷം കോടി രൂപവരെ വരുമിത്. ഇതിൽ ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ പ്രതീക്ഷിക്കുന്ന ഇടിവ് 14,200-21,800 കോടി ഡോളറായിരിക്കും (16.56 ലക്ഷം കോടി രൂപ).

ആഗോള ജി.ഡി.പിയുടെ 6.4-9.7 ശതമാനം വരെയാണ് കൊവിഡ് തൂത്തെറിയുന്നത്. ദക്ഷിണേഷ്യൻ ജി.ഡി.പിയുടെ 3.9-6 ശതമാനം വരെയും കൊഴിയും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ദക്ഷിണേഷ്യയ്ക്ക് ക്ഷീണമാകുന്നത്. ഏഷ്യ-പസഫിക് മേഖലയ്ക്ക് മൂന്നുമുതൽ ആറുമാസത്തിനകം 1.7-2.5 ലക്ഷം കോടി ഡോളറിന്റെ നഷ്‌ടമുണ്ടാകും. ആഗോള നഷ്‌ടത്തിന്റെ 30 ശതമാനവും ഈ മേഖലയിൽ ആയിരിക്കും.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കുണ്ടാകുന്ന നഷ്‌ടം 1.1-1.6 ലക്ഷം കോടി ഡോളറായിരിക്കും. ഏപ്രിലിൽ എ.ഡി.ബി പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത് ആഗോള നഷ്‌ടം 4.1 ലക്ഷം കോടി ഡോളർ വരെയായിരിക്കും എന്നായിരുന്നു. മാ‌ർച്ചിലെ റിപ്പോർട്ടിൽ 34,700 കോടി ഡോളർ വരെയും. ഏകദേശം 27 ലക്ഷം കോടി രൂപ. ഇതിൽ, നിന്നാണ് പുതിയ നഷ്‌ട വിലയിരുത്തൽ 668 ലക്ഷം കോടി ഡോളറിലേക്ക് ഉയർത്തിയത്. എ.ഡി.ബിയുടെ ആഗോള നഷ്‌ട വിലയിരുത്തൽ, ലോകബാങ്ക് വിലയിരുത്തിയ ജി.ഡി.പിയുടെ 2-4 ശതമാനം നഷ്‌ടത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണ്; ഐ.എം.എഫ് വിലയിരുത്തിയ 6.3 ശതമാനത്തേക്കാൾ കൂടുതലും.

പാക്കേജുകൾ ആശ്വാസം

സമ്പദ്മേഖലയെയും കൊവിഡ് തളർത്തിയത് തിരിച്ചറിഞ്ഞ് ഒട്ടുമിക്ക രാജ്യങ്ങളും അതിവേഗം രക്ഷാപാക്കേജുകളുമായി എത്തിയത്, ആഘാതം 30-40 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് എ.ഡി.ബി കരുതുന്നു. രക്ഷാപാക്കേജുകൾ നടപ്പാവുമ്പോൾ കൊവിഡ് മൂലമുണ്ടായ ആഗോള നഷ്‌ടം 4.1-5.4 ലക്ഷം കോടി ഡോളറായി (410 ലക്ഷം കോടി രൂപ) കുറയും.

$1.8 ലക്ഷം കോടി

കൊവിഡ് മൂലം ആഗോളതലത്തിൽ തൊഴിലാളി വേതനത്തിൽ 1.2-1.8 ലക്ഷം കോടി ഡോളർ കുറയും. ഏകദേശം 136 ലക്ഷം കോടി രൂപ. ഏഷ്യയിൽ ഇത് 41 ലക്ഷം കോടി രൂപയോളമായിരിക്കും.