kawasaki-ninja

നിഞ്ച 650യുടെ ബി.എസ് 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി. ബിഎസ് 6 പാലിക്കുന്ന മോട്ടോർസൈക്കിളിന് 6.24 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ വർഷം ആദ്യം ബൈക്കിനെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. എന്നാലും ബി.എസ് 6 പാലിക്കുന്ന 2020 മോഡലിന് 6.45 ലക്ഷത്തിനും 6.75 ലക്ഷത്തിനുമിടയിൽ വില പ്രതീക്ഷിക്കാമെന്നും കമ്പനി പ്രസ്താവിച്ചിരുന്നത്.

ബി.എസ് 4 മോഡലിനേക്കാൾ 35,000 രൂപ കൂടുതലാണ്. പുതിയ മോഡൽ ഇയർ മോട്ടോർ സൈക്കിളിൽ കവസാക്കി നിരവധി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുൻഭാഗം, ഫെയറിംഗ് എന്നിവ പുനർരൂപകൽപ്പന ചെയ്തതോടെ സ്റ്റൈലിംഗ് കൂടുതൽ അഗ്രസീവാണ്.

വില പ്രഖ്യാപനത്തിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. കമ്പനി വെബ്‌സൈറ്റിൽ ബുക്കിംഗ് നടത്താം. 50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബൈക്ക് ഇതുവരെ ഡീലർഷിപ്പുകളിൽ എത്തിയിട്ടില്ലെങ്കിലും അടുത്ത മാസത്തോടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. കവസാക്കി നിരയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. ഫുൾ എൽ.ഇ.ഡി ഹെഡ്‌ലാംപ്, ടെയ്ൽ ലാംപ് എന്നിവ നൽകിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ 4.3 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി റൈഡറുടെ സ്മാർട്ട്‌ഫോണും ടി.എഫ്.ടി ഡിസ്‌പ്ലേയും കണക്റ്റ് ചെയ്യാൻ സാധിക്കുന്നു. 649 സി.സി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ് കരുത്തേകുന്നത്. എന്നാൽ ബി.എസ് 6 പാലിക്കുന്നതിനായി ഇൻടേക്ക്, എക്‌സോസ്റ്റ് സംവിധാനം മെച്ചപ്പെടുത്തി.

പവർ കണക്കുകൾ ബി.എസ് 4 എൻജിനുമായി ഏറെക്കുറേ സമാനമാണ്. 66.4 ബി.എച്ച്.പി കരുത്തും 64 എൻ.എം ടോർക്കും ലഭിക്കും. മിഡ് റേഞ്ചിൽ ഇപ്പോൾ കൂടുതൽ ടോർക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മികച്ച ഗ്രിപ്പ്, ഹാൻഡ്‌ലിംഗ് എന്നിവ ലഭിക്കുന്നതിന് ഡൺലപ് സ്പോർട്ട്മാക്സ് റോഡ്‌സ്പോർട്ട് 2 ടയറുകൾ നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകൾ പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ നിറവേറ്റുന്നത്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇക്കോണോമിക്കൽ റൈഡിങ് ഇൻഡിക്കേറ്റർ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, എ.ബി.എസ് സ്റ്റാൻഡർഡ് എന്നിവയാണ് ഈ മോഡലിന്റെ മറ്റ് ഫീച്ചറുകൾ. ലൈം ഗ്രീൻ, എബോണി, പേൾഫ്‌ളാറ്റ് സ്റ്റാർഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ളാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.