മെൽബൺ: ഇന്ത്യൻ വംശജനും പ്രശസ്ത പാചക വിദഗ്ദ്ധനുമായ ഋഷി രൂപ് സിംഗിനെ വിവാഹം ചെയ്ത് വാർത്തകളിൽ ഇടം നേടിയ ഓസ്ട്രിയൻ രാജകുമാരി മരിയ ഗെലിറ്റ്സൈൻ (31) ഹൃദയ ധമനി പൊട്ടിയുണ്ടായ രക്തസ്രാവം മൂലം അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണിലാണ് അന്ത്യം.
മരിയ സിങ് എന്നാണ് അറിയപ്പെട്ടിരുന്നത്.
2017 ഏപ്രിലിലാണ് മരിയ ഋഷിയെ വിവാഹം കഴിച്ചത്. രണ്ട് വയസുകാരൻ മാക്സിം മകനാണ്.
ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒാസ്ട്രിയൻ രാജകുടുംബാംഗങ്ങളായ മരിയ അന്ന-പിയോറ്റർ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ്.
ഈ മാസം നാലിന് മരിച്ച മരിയയുടെ സംസ്കാരം നാലു ദിവസത്തിനുശേഷം ഹൂസ്റ്റണിൽ നടന്നു. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്ന മരിയ, മകൻ മാക്സിനൊപ്പമുള്ള ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു.
1988 ൽ ലക്‌സംബർഗിൽ ജനിച്ച മരിയ അഞ്ചാം വയസിൽ കുടുംബത്തോടൊപ്പം റഷ്യയിലേക്ക് കുടിയേറി. ബിരുദം നേടിയതിനുശേഷം ബെൽജിയത്തിൽ ആർട് ആൻഡ് ഡിസൈൻ പഠിച്ചു. ബ്രസൽസ്, ചിക്കാഗൊ, ഇലിനോയിസ് എന്നിവിടങ്ങളിൽ താമസിച്ചതിന് ശേഷമാണ് ഹൂസ്റ്റണിൽ ഋഷിക്കും മകനുമൊപ്പം സ്ഥിരതാമസം തുടങ്ങുന്നത്.