pinarayi

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പരിശോധിച്ച ആരുടെ ഫലവും നെഗറ്റീവ് ഇല്ല. കൊവിഡ് 19 അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്- 5, മലപ്പുറം-4, കൊല്ലം -1, ആലപ്പുഴ 2, കോഴിക്കോട്- 2, പാലക്കാട്- 1, കാസർകോട്- 1 എന്നിങ്ങനെയാണ് കണക്ക്. പുതിയ രോഗികളിൽ ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയും രോഗം പകർന്നു. സമ്പർക്ക സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 80 പേർ ചികിത്സയിലാണ്. 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്, 36. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേർ വയനാട്ടിലാണ് ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്.

42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 16 ആയി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി.

ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാർ ബൈക്കിൽ പട്രോളിങ് നടത്തും.ശനിയാഴ്ചകളിലെ സർക്കാർ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും. കഴിഞ്ഞ ആഴ്‌ചയിലേതുപോലെ എല്ലാവരും സഹകരിക്കണം.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് 53 കേസ്, കാസർകോട് 11. അതിർത്തിയിലും ചെക്‌പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങൾ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേർ വിദേശത്ത് നിന്നെത്തി. കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെ എത്തി. അവരിൽ മൂന്ന് പേർക്ക് തമിവ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹയാത്രക്കാർക്ക് പ്രത്യേക പരിശോധന നടത്തും.

ഡൽഹിയിൽ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ എത്തി. 348 പേർ തിരുവനന്തപുരത്ത് ഇറങ്ങി. മുംബയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിലാക്കി. മൂന്ന് പേരെ സർക്കാർ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. എറണാകുളത്തെ 411 പേരിൽ ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 286 പേർ കോഴിക്കോടിറങ്ങി. ഏഴ് പേർക്ക് രോഗലക്ഷണം കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ കർശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു.

യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജീകരിച്ചിരുന്നു. 149 യാത്രക്കാരുമായി ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിൽ 58 ഗർഭിണികളുണ്ടായിരുന്നു. ഇതിൽ നാല് പേരെ വിവിധ ജില്ലകളിൽ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

റോഡ് മാർഗം കേരളത്തിലെത്താൻ 285880 പേർ രജിസ്റ്റർ ചെയ്തു. 123972 പേർക്ക് പാസ് നൽകി. ചെക്‌പോസ്റ്റ് വഴി 43151 പേർ സംസ്ഥാനത്ത് എത്തി. ട്രെയിൻ വഴി എത്താൻ 4694 പേർക്ക് പാസ് നൽകി.

ക്വാറന്റൈൻ കാര്യത്തിൽ സംസ്ഥാനത്ത് ആശയകുഴപ്പമില്ല. ഫലപ്രദമായി ക്വാറന്റൈൻ നടപ്പാക്കുന്നു. നിരീക്ഷണത്തിലുള്ള 48825 പേരിൽ 48287 പേരും വീടുകളിലാണ്. കേരളത്തിന്റെ സാഹചര്യത്തിൽ വീടുകളിലെ ക്വാറന്റൈൻ വിജയകരമായി നടപ്പാക്കാനായി. രോഗം പടരുന്നത് പിടിച്ചുനിർത്താൻ സാധിച്ചതിന്റെ കാരണം ഇതാണ്. പുതിയ സാഹചര്യത്തിൽ പെയ്ഡ് ക്വാറന്റൈൻ നടപ്പിലാക്കാൻ ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്ര പറഞ്ഞു. കൊവിഡ് 19 ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. ബ്രേക്ക് ദി ചെയിൻ നടപ്പിലാക്കാനായി. സാനിറ്റൈസർ, മാസ്‌ക് എന്നിവ ശീലമായി. എന്നാൽ ഇതെല്ലാവരും ചെയ്യുന്നെന്ന് പറയാനാവില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂർണ്ണമായി ഉണ്ടാവണം.

കൂട്ടംകൂടി നിൽക്കുന്ന പ്രവണത നാട്ടിൽ ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നു. ഗൗരവം മനസിലാക്കാതെയുള്ള പ്രവണതയാണ്. അതോടൊപ്പം ചിലയിടത്ത് ഉത്സവം നടത്താൻ ആലോചിക്കുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർത്ഥനയ്ക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ആളുകൾ കൂട്ടം കൂടുന്നതിൽ കർശന നിയന്ത്രണം പാലിക്കണം. നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ സമ്മേളിക്കരുത്. ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല. തത്കാലം അതിന് സാധിക്കില്ല.

നിലവിലെ രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ലയാണ്. എല്ലായിടത്തും കണ്ടെയ്ൻമെന്റ് സോൺ പ്രത്യേകമായി തന്നെ സംരക്ഷിക്കും. ഇവിടം വിട്ട് സഞ്ചരിക്കാനാവില്ല. എല്ലാ സ്ഥലത്തും ഇത് ബാധകമാണ്. ഇവിടെയുള്ള നിയന്ത്രണം മറ്റ് പ്രദേശങ്ങൾക്ക് ബാധകമായിരിക്കില്ല.

പ്രതിരോധ പ്രവർത്തനം ആരംഭിച്ച ശേഷം ആരോഗ്യ പ്രവർത്തകർ, പൊലീസ് ഇങ്ങനെ ഈ ഫീൽഡിലുള്ളവർ തുടർച്ചയായി വിശ്രമരഹിതമായി ജോലി ചെയ്യുന്നത് പ്രശ്നമാണ്. ഇവർക്ക് ഏത് തരത്തിൽ വിശ്രമം ഉറപ്പാക്കാനാവുമെന്ന് പ്രത്യേകം പരിശോധിക്കും. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോൾ അടുത്ത ടീമിനെ നിയോഗിക്കേണ്ടി വരും. ആ സമിതി സ്ഥിരമാണ്. എന്നാൽ സമിതിയുടെ ഭാഗമായി ഇവരെ സഹായിക്കാനും ഇവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാനും വളണ്ടിയർമാർ ഉണ്ടാകും. ഇവർക്ക് ക്ഷീണം അനുഭവപ്പെട്ടാൽ അവർക്ക് മാറ്റം കൊടുക്കാൻ മറ്റൊരു സെറ്റ് വളണ്ടിയർമാരെ ഒരുക്കണം. തുടർച്ചയായ പ്രവർത്തനത്തിലൂടെ ക്ഷീണമുണ്ടായാൽ മറ്റൊരു വിബാഗത്തെ പകരം നിയോഗിക്കാനാവും.

കേരളത്തിന് പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ സംവിധാനത്തെയാകെ ബാധിക്കും. സർക്കാരിന്റെ ശ്രദ്ധയിൽപെടാതെ ആരെങ്കിലും വന്നാൽ പ്രദേശത്തെ നാട്ടുകാർ അറിയാതിരിക്കില്ല. അങ്ങിനെ കണ്ടെത്തുന്നവരെ വാർഡ് തല സമിതികൾ ഇടപെട്ട് ക്വാറന്റീൻ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബ്യൂട്ടി പാർലറും ബാർബർ ഷോപ്പുകളും ശുചിയാക്കാൻ അനുമതി നൽകും.

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിന് റെയിൽവെയുടെ സമ്മതം ലഭിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങൾ ഇവിടങ്ങളിൽ കുടുങ്ങിയവരെ തിരിച്ചയക്കും. ബംഗളുരു- തിരുവനന്തപുരം എക്‌സ്പ്രസ് നോൺ എ.സി ട്രെയിനാക്കി എല്ലാ ദിവസവും സർവീസ് നടത്തും.

മെയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിലുള്ള അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് 28 ട്രെയിനുകളിൽ അയക്കും.

ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതിന് വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം ഐ.ആർ.സി.ടി.സി ഓൺലൈൻ ടിക്കറ്റ്, എ.സി ട്രെയിൻ ഫെയർഎന്നിവ തടസമായി. നോൺ എ.സി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടി. ടിക്കറ്റ് അവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും ഡൽഹിയിലെ ഹെൽപ്പ് ഡെസ്‌ക് ഇത് ഏകോപിപിക്കും. സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും.

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നേരത്തെ നൽകിയിരുന്നു. എന്നാൽ 15 ശതമാനം കടകളേ തുറന്നിട്ടുള്ളൂ. ഇക്കാര്യത്തിൽ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ തിരുത്താൻ നിദ്ദേശം നൽകിയിട്ടുണ്ട്.

ഇസ്രയേലിൽ വിസ കാലാവധി കഴിഞ്ഞ മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടും.

തടി ലേലത്തിലെടുത്തവർക്ക് ലോക്ക് ഡൗൺ തടസമായി. തറവാടകയും പിഴയും ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടു. അത് ന്യായമായ കാര്യമായതുകൊണ്ടുതന്നെ പരിശോധിച്ച് തീരുമാനമെടുക്കും. വയനാട്ടിൽ നാളെ തീരുമാനിച്ച തടി ലേലം മാറ്റിവെയ്ക്കുന്നു.

നടക്കാൻ പാടില്ലാത്ത സംഭവം സംസ്ഥാനത്ത് നടന്നു. മത്സ്യ പരിശോധനക്കിടെ കൈക്കൂലി വാങ്ങിയെന്ന പരാതി. വിജിലൻസിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ദുരിത ഘട്ടത്തിലും ഇത്തരം പെരുമാറ്റത്തിന് ശക്തമായ ശിക്ഷാ നടപടിയുണ്ടാകും.

പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകും. ആശുപത്രികളിലെ ഒ.പികളിൽ ആൾത്തിരക്ക് വർദ്ധിച്ചു. ഓൺലൈൻ വഴി ഇത് ക്രമപ്പെടുത്താനാവുമോയെന്ന് പരിശോധിക്കും.