ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരിലേറെയും ആഫ്രിക്കക്കാരോ ഏഷ്യക്കാരോ മറ്റു കറുത്ത വംശജരോ ആണെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിൽ മരിച്ച ആദ്യത്തെ പത്ത് ഡോക്ടർമാരും ആഫ്രിക്കക്കാരോ ഏഷ്യക്കാരോ മറ്റു കറുത്ത വംശജരോ ആയിരുന്നു. ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ:ചാന്ദ് നാഗ്പോൾ ഇക്കാര്യത്തിൽ ഇടപെടുകയും ദി ഗാർഡിയൻ പത്രം ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
രാജ്യത്ത് കറുത്ത വംശജരായ ഡോക്ടർമാരുടെ മരണം ഇപ്പോൾ കൂടുതലായതിനാൽ അവരുടെ ആരോഗ്യം സംരക്ഷിക്കാൻ സുരക്ഷാ വസ്തുക്കൾ നൽകണമെന്നാണ് മെഡിക്കൽ അസോസിയേഷന്റെ ആവശ്യം. ആരോഗ്യ രംഗത്തെ മറ്റുമേഖലകളിൽ ജോലി ചെയ്യുന്നവരിൽ മരിച്ച നൂറുപേരിൽ മൂന്നിൽ രണ്ടും കറുത്ത വംശജരായിരുന്നു. മലയാളിയായ ഡോ. പൂർണിമ നായർ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്.
ആഫ്രിക്കൻ കരീബിയൻ വംശജർ വെളുത്തവരെ അപേക്ഷിച്ച് 4.2 ഇരട്ടിയാണ് ഇവിടെ മരിക്കുന്നതെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്രാറ്റിസ്റ്റിക്സിന്റെ പഠനങ്ങളിൽ പറയുന്നു. ഇന്ത്യാക്കാർ 2.5 ഇരട്ടിയും ബംഗ്ലാദേശി /പാക് വംശജർ 3.6 ഇരട്ടിയും മരണമടഞ്ഞതായാണ് വിവരം.