who
WHO

ബീജിംഗ്: കൊവിഡ് പശ്ചാത്തലത്തിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാനുള്ള തായ്‌വാന്റെ ശ്രമത്തിന് ചൈനയുടെ എതിർപ്പ്. ചൈനയുടെ ഭാഗമെന്ന് പറഞ്ഞ് യോഗത്തിൽ പങ്കെടുക്കണമെന്ന ഉപാധി തായ്‌വാൻ തള്ളിയിരുന്നു. ഇതോടെയാണ് ചൈന എതിർപ്പ് പരസ്യമാക്കിയത്. തായ്‌വാനിലെ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ചൈനയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ,​ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി.

ഈമാസം 18നാണ് വേൾഡ് ഹെൽത്ത് അസംബ്ലി നടക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിശദീകരിക്കാൻ തായ്‌വാനെ കൂടി യോഗത്തിൽ പങ്കെടുപ്പിക്കാൻ അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ നീക്കം നടത്തി. തായ്‌വാനെ തങ്ങളുടെ ഭാഗമായി കരുതുന്ന ചൈനയെ ഇത് ചൊടിപ്പിച്ചു. ഒരു അന്താരാഷ്ട്ര യോഗത്തിൽ തായ്‌വാൻ പങ്കെടുക്കുന്നത് ചൈനയ്ക്ക് അംഗീകരിക്കാനാവില്ല. ഇതോടെ തായ്‌വാനുമേൽ ഉപാധികളുമായി ചൈന രംഗത്തെത്തി. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന് തായ്‌വാൻ വ്യക്തമാക്കി.

നിലവിൽ ലോകാരോഗ്യ സംഘടനയിലെ അംഗമല്ല തായ്‌വാൻ. ചൈനയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും തായ്‌വാൻ വിദേശകാര്യ ഉപമന്ത്രി കെല്ലി ഷെയ് പറഞ്ഞു.