തൃശൂർ: സ്ത്രീകളെ ഒഴിവാക്കിയുളള പ്രസ്ഥാനങ്ങൾ, അതിന് ആത്മീയ ബന്ധമുളളതാണെങ്കിലും, ഏറെക്കാലം നിലനിൽക്കില്ലെന്ന സ്വാമി വിവേകാനന്ദന്റെ പ്രായോഗികബുദ്ധിയിലായിരുന്നു ശാരദാ മിഷൻ രൂപം കൊണ്ടതെങ്കിൽ, 'വിവേകാനന്ദ സാഹിത്യസർവസ്വം' പകർന്ന വെളിച്ചത്തിലാണ് പ്രവ്രാജിക അജയപ്രാണ മാതാ പിറവികൊള്ളുന്നത്.
ബാല്യം മുതൽ വായനയുടെ ലോകത്തായിരുന്നു അജയപ്രാണ മാതാ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിലിരുന്നായിരുന്നു പഠനം. ആടയാഭരണങ്ങളോട് ഇഷ്ടമില്ല. ഒരുവേള ഡിറ്റക്ടീവ് കഥകൾ ഇഷ്ടപ്പെട്ടിരുന്ന ഏകാകിയായ ആ പെൺകുട്ടിയുടെ പേര് അമ്മുക്കുട്ടി തമ്പുരാട്ടി എന്നായിരുന്നു.
ബാല്യത്തിൽ, സഹോദരിയാണ് 'വിവേകാനന്ദ സാഹിത്യസർവസ്വം' വായിക്കാൻ നൽകിയത്. ആ താളുകൾ പകർന്ന വഴിവെട്ടമാണ് രാമകൃഷ്ണ മഠത്തിലേക്കു നയിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള കുറൂർ തറവാട്ടിൽ നിന്നാണ് സന്ന്യാസധർമവുമായി പ്രവ്രാജിക അജയപ്രാണ മാതാ ശാരദാമഠം പ്രസ്ഥാനത്തിലെത്തുന്നത്. ശാരദാദേവിയുടെ പരിചാരികയും സിസ്റ്റർ നിവേദിതയുടെ ശിഷ്യയുമായ ഭാരതീപ്രാണയിൽ നിന്ന് സന്ന്യാസം സ്വീകരിച്ച അവർ, ധന്യമായ ആദ്ധ്യാത്മികജീവിതം പൂർണമാക്കിയാണ് സമാധിയായതും. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠൻ കുറൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളായ അജയപ്രാണ 25ാം വയസിലാണ് മഠത്തിന്റെ സ്‌കൂളിൽ അദ്ധ്യാപികയായി ചേർന്നത്.
പുറനാട്ടുകര ശാരദാ മിഷൻ സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപികയായിരുന്ന അവരുടെ ക്ലാസുകൾ, അന്ന് അവിടെ പഠിച്ച ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ അടാട്ട് മഹിളാസംഘത്തിന്റെ രൂപീകരണത്തിലും പങ്കാളിയായി. 1973ൽ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റി. 9 വർഷം തികഞ്ഞപ്പോഴേക്കും ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ശാരദാ മിഷന്റെ കേന്ദ്രം സ്ഥാപിക്കാൻ അജയപ്രാണയെ നിയോഗിച്ചു. വിവിധ രാജ്യങ്ങളിൽ വിദേശത്ത് അവർ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പുറനാട്ടുകര മഠത്തിന്റെ അദ്ധ്യക്ഷയായിരുന്ന മേധപ്രാണ മാതായുടെ സമാധിയെ തുടർന്നാണ് ചുമതലയേറ്റെടുക്കാൻ അജയപ്രാണ കേരളത്തിലേക്കു മടങ്ങിയത്. ബേലൂർ മഠത്തിലെ സ്വാമി ശങ്കരാനന്ദയിൽ നിന്ന് മന്ത്രദീക്ഷയും ശാരദാമഠത്തിന്റെ പ്രഥമാദ്ധ്യക്ഷ പ്രവ്രാജിക ഭാരതീപ്രാണ മാതായിൽ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിച്ചു. 90ാം വയസിലും ഭരണനിർവഹണത്തിൽ നിഷ്ഠ പുലർത്തി. പ്രകൃതിയെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലും ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. മലേഷ്യ, സിങ്കപ്പൂർ എന്നീ സ്ഥലങ്ങളിൽ വേദാന്തപ്രചാരം നടത്തിയ അവർ ന്യൂ സൗത്ത് വെയിൽസിൽ രാമകൃഷ്ണ ശാരദ വേദാന്ത സൊസൈറ്റിയെയും നയിച്ചു. സന്ന്യാസത്തിന്റെ കുലീനതയും ആദർശവും അവർ ജീവിതത്തിലും പ്രതിഫലിപ്പിച്ചു. ഭഗവദ്ഗീതയും ഭക്തി യോഗയും അടിസ്ഥാനമാക്കിയുള്ള ക്ലാസുകളായിരുന്നു അവർ വിദേശികൾക്ക് നൽകിയത്. അതിലൂടെ കൈമാറിയത് മഹത്തായ ഭാരതീയ പൈതൃകവും....