റിയാദ്:- കൊവിഡ് കാലത്തെ പ്രതിസന്ധിയും എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ കുറഞ്ഞതിലൂടെയുണ്ടായ കടുത്ത സാമ്പത്തിക ക്ഷീണവും മാറ്റാൻ വഴികൾ തേടുകയാണ് സൗദി അറേബ്യൻ ഭരണകൂടം. വാറ്റ് നികുതി മൂന്നിരട്ടിയാക്കി.
അടുത്ത മാസം മുതൽ സർക്കാർ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം തടയും. ഇത് സാധാരണക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന യുവാക്കൾക്ക് ഇത് വിഷമവും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നിൽ രണ്ട് സൗദി പൗരന്മാർക്കും സർക്കാർ ജോലിയാണുള്ളത്.
ജോലിക്കൊപ്പം പഠനം തുടരുന്ന അബ്ദുള്ളക്ക് സ്വന്തം വീട് എന്ന സ്വപ്നമാണ് ഉയർന്ന നികുതി നിരക്കും കൊവിഡ് പ്രതിസന്ധിയും മൂലം തട്ടിതെറിപ്പിക്കപ്പെട്ടത്. എന്നാൽ കോടീശ്വരന്മാർക്ക് പാശ്ചാത്യ ക്ളബുകൾ ശതകോടികൾക്ക് വാങ്ങുന്ന ധൂർത്തിന് ഇവിടെ കുറവ് വന്നിട്ടില്ല. രാജഭരണത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നവർക്ക് സബ്സിഡിയും നികുതി ഇളവും നൽകുന്ന രീതിയോട് ഇതോടെ ജനങ്ങൾക്ക് അവജ്ഞയും ദേഷ്യവും ഉണ്ടാകാൻ ഇടയാകും.
വാറ്റ് നികുതി മൂന്നിരട്ടി വർദ്ധിക്കുന്നതോടെ ആഡംബരത്തോടെയുള്ള സൗദിയിലെ നിർമ്മാണങ്ങൾക്ക് ചിലവ് കുത്തനെ കൂടും.
2003 നും 2014നുമിടയിലെ കാലത്ത് എണ്ണവില അന്താരാഷ്ട്ര വിപണിയിൽ ഉയരങ്ങൾ താണ്ടിയ കാലത്തെ ഇന്ന് സൗദി പൗരന്മാർ ഗൃഹാതുരത്വത്തോടെയാണ് ഓർക്കുന്നത്. നികുതിയേറിയതിനാൽ രാജ്യത്ത് കാറുകളും ഗൃഹോപയോഗ സാധനങ്ങൾ മുതൽ എല്ലാത്തിലും വിൽപനയിൽ ഇടിവ് പ്രവചിക്കുന്ന ഈ കാലഘട്ടത്തിൽ ഇനിമുതൽ പാരിതോഷികങ്ങൾ ഭരണകൂടം നൽകുന്നത് കുറയാനാണ് സാധ്യത. രാജ്യത്തിന്റെ പ്രധാനവരുമാനമായ എണ്ണവിപണിയിലെ ഇടിവും കൊവിഡ് മൂലമുണ്ടായ ലോക്ഡൗണും രാജ്യത്തിന്റെ വരുമാനത്തിനേൽപിച്ച ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം നടപടികൾ എണ്ണയെ മാത്രം ആശ്രയിച്ചിരിക്കുന്ന സൗദി വിപണിയെ മാറ്റിയെടുക്കാനുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമാണെന്ന് 'ഓകാസ് ദിനപത്രം' റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കളികളിലും വിനോദങ്ങളിലും ആർഭാടം കാട്ടുന്ന അബ്ദുള്ള രാജകുമാരന്റെ തീരുമാനങ്ങളെ ചിലർ പക്ഷെ ഇത്തരം തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നു. ഇത്തരം വിഷമങ്ങളെ എങ്ങനെ സൗദി ഭരണകൂടം തരണം ചെയ്യും എന്ന് ലോകം ഉറ്രുനോക്കുകയാണ്.