കോന്നി: കർഷകർക്ക് ശല്യമായ കാട്ടുപന്നിയെ സംസ്ഥാനത്ത് ആദ്യമായി നിയമപ്രകാരം വെടിവച്ച് കൊന്നു. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമി കോളനിയിലെ അനിതകുമാരിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെള്ളിയാഴ്ച രാത്രി കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻജോസാണ് വെടിവച്ചത്. മനുഷ്യജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ 2019 ലെ ഉത്തരവ് പ്രകാരമാണ് നടപടി. കഴിഞ്ഞ ആഴ്ച തണ്ണിത്തോട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് അറിഞ്ഞെത്തിയ മന്ത്രി കെ.രാജുവിനോട് വ്യാപകമായ കാട്ടുപന്നി ശല്യത്തെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് നടപ്പാക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സലിൻജോസിനൊപ്പം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സനോജ് , ഡ്രൈവർ വിനിൽ കുമാർ എന്നിവരെത്തിയത്. ആദ്യം വെടിവച്ച പന്നി രക്ഷപ്പെട്ടു. പിന്നീട് പതിനൊന്നരയോടെയാണ് അഞ്ച് വയസും 90 കിലോയോളം തൂക്കവും വരുന്ന പെൺപന്നിയെ കൊന്നത്.
മറവുചെയ്തത് സൂക്ഷ്മതയോടെ
വന്യജീവി നിയമപ്രകാരം ഡി.എഫ്.ഒയുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഇറച്ചിയെടുക്കുന്നത് ഒഴിവാക്കാൻ അഞ്ചടി താഴ്ചയിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ചാണ് മറവുചെയ്തത്.