ജർമ്മൻ ബുണ്ടസ് ലിഗയ്ക്ക് ഇന്ന് രണ്ടാം തുടക്കം
മ്യൂണിക്ക് : ആർത്തിരമ്പുന്ന ഗാലറികളില്ല, കെട്ടിപ്പിടിച്ചുള്ള ഗോളാഘോഷങ്ങളുണ്ടാവില്ല,അനാവശ്യമായി എതിരാളിയുടെ ശരീരത്തിലോ ജഴ്സിയിലോ പിടിച്ചുവലിക്കലുമുണ്ടാവില്ല...എങ്കിലും ജർമ്മനിയിൽ ഇന്ന് മുതൽ വീണ്ടും കാൽപ്പന്തുകളിയുടെ കാൽപ്പെരുമാറ്റം കേട്ടുതുടങ്ങും.കൊവിഡ് 19ന്റെ പിടിയിൽ നിന്ന് വഴുതുമാറി വീണ്ടും തുടങ്ങുന്ന യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ആദ്യത്തേതാണ് ബുണ്ടസ് ലിഗ. അതുകൊണ്ടുതന്നെ ഇൗ ഉയിർത്തെഴുന്നേൽപ്പിനെ യൂറോപ്പ് മാത്രമല്ല ലോകവും ഉറ്റുനോക്കുകയാണ്.
കൊവിഡിനെ പ്രതിരോധിക്കാനായി കാണികളെ സ്റ്റേഡിയത്തിൽ പ്രവേശപ്പിക്കാതെയാണ് മത്സരങ്ങൾ നടത്തുക. കളിക്കാരും ഒഫിഷ്യൽസും മാദ്ധ്യമപ്രവർത്തകരും അടക്കം 300 പേർ മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടാകൂ.
7 pm
ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ഏഴുമണിക്കാണ് ബുണ്ടസ് ലീഗ റീ ഒാപ്പൺ ചെയ്യുന്നത്.
13
മത്സരങ്ങൾ വീതമാണ് ഒാരോ ക്ളബിനും അവശേഷിക്കുന്നത്.
മാച്ച് ഷെഡ്യൂൾ
ഒാസ്ബർഗ് Vs വോൾവ്സ് ബർഗ്
ബൊറൂഷ്യ ഡോർട്ട്മുണ്ട് Vs ഷാൽക്കെ
ഫോർച്യുന ഡസൽഡ്രോഫ് Vs പാഡർബോൺ
ഹോഫൻഹേയ്ം Vs ഹെർത്ത ബെർലിൻ
ലെയ്പ്സിഗ് Vs ഫ്രേയ്ബർഗ്
( ഇന്ത്യൻ സമയം രാത്രി എഴുമണിമുതൽ)
എയ്ൻട്രാക്റ്റ് Vs മോഷെംഗ്ളാബാഷ്
സ്റ്റാർ സ്പോർട്സിൽ ലൈവ്
ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിന്റെ വിവിധ ചാനലുകളിലായി മത്സരങ്ങൾ കാണാം. കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ രാജ്യങ്ങളിൽ ബുണ്ടസ് ലീഗ ടി.വി സംപ്രേഷണം ഉണ്ടായിരിക്കും.
ടി വിയിൽ കൃത്രിമ ആരവം
ഗാലറിയിൽ ആളില്ലാത്തതിന്റെ ക്ഷീണമകറ്റാൻ നേരത്തേ റെക്കാഡ് ചെയ്ത് വച്ചിരിക്കുന്ന ആരവങ്ങൾ സഹിതമാകും ടി.വി ലൈവ്.
ബൊറൂഷ്യ മോഷെംഗ്ളാബാഷ് ക്ളബ് തങ്ങളുടെ ഹോം മത്സരങ്ങൾക്ക് ഗാലറിയിൽ ഡമ്മി കാണികളെ അണിനിരത്തും.
കപ്പടിക്കുമോ ബയേൺ
25 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് തന്നെയാണ് 55 പോയിന്റുമായി ഒന്നാംസ്ഥാനത്ത്.51 പോയിന്റുമായി ബൊറൂഷ്യ ഡോർട്ട്മുണ്ട് രണ്ടാമത്. ആദ്യ അഞ്ച് സ്ഥാനത്തുള്ളവർ തമ്മിൽ നാലുമുതൽ എട്ടുവരെ പോയിന്റുകളുടെ വ്യത്യാസമേ ഉളളൂ എന്നതിനാൽ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.
പോയിന്റ് ടേബിൾ
( ക്ളബ്, കളി ,പോയിന്റ് , ക്രമത്തിൽ )
ബയേൺ 25-55
ബൊറൂഷ്യ 25-51
ലെയ്പ്സിഗ് 25-50
മോഷെംഗ്ളാബാഷ് 25-49
ലെവർകൂസൻ 25-47