പനാജി: സംസ്ഥാനത്തേക്കെത്തുന്ന പ്രത്യേക ട്രെയിനുകൾ മഡ്ഗാവിൽ നിർത്താൻ പാടില്ലെന്ന ആവശ്യവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗോവയിൽ വീണ്ടും കൊവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മാത്രമല്ല ഗോവയിലേക്ക് വരാനായി ടിക്കറ്റുകൾ ബുക്ക് ചെയ്ത ഭൂരിഭാഗം പേരും ഗോവൻ സ്വദേശികളല്ലെന്ന കാര്യവും ശ്രദ്ധയിൽ പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആനന്ദിക്കാനായി ആരും തന്നെ സംസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
'720 പേരാണ് ഗോവയിലേക്ക് വരാനായി ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ഇവരിൽ കൂടുതൽ പേരും ഗോവൻ സ്വദേശികൾ അല്ലെന്നാണ് അറിയാൻ കഴിയുന്നത്. ഇവർ ഗോവയിൽ ഇറങ്ങിയാൽ എന്താകും സംഭവിക്കുക എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സർക്കാർ ആവശ്യപ്പെടും. അവർ അത് ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ല. അതുകൊണ്ടാണ് ട്രെയിനുകൾ മഡ്ഗാവിൽ നിർത്തരുത് എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്.' പ്രമോദ് സാവന്ത് പറയുന്നു.
ഇങ്ങനെ എത്തുന്നവർക്ക് സംസ്ഥാനത്ത് ആനന്ദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുകയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ബീച്ചുകളും മറ്റ് വിനോദ ഉപാധികളും നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനം വഴി എത്തുന്നവരെ പോലെ തന്നെ ട്രെയിനുകളിൽ എത്തുന്നവരും താമസത്തിനുള്ള സൗകര്യം സ്വയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങൾ വഴിയും കപ്പലുകൾ വഴിയും സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് തുറമുഖങ്ങളിലും എയർപോർട്ടുകളിലും വച്ചുതന്നെ രോഗപരിശോധന നടത്തുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.