photo
അറസ്റ്റിലായ പ്രതികൾ

കൊട്ടാരക്കര: ബാങ്കിലും എയർപോർട്ടിലും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മൈനാഗപ്പള്ളി സെൻവിഹാറിൽ ഗിരീഷ് കുമാർ (46), വിതുര കൗസല്യ ഭവനത്തിൽ സുഭാഷ് ചന്ദ്രബോസ് (46), കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനത്തിൽ ബിനുകുമാർ (42), ബാലരാമപുരം ഊരൂട്ടമ്പലം പ്ളാവിള പുത്തൻവീട്ടിൽ അഭിലാഷ് (33), തിരുവനന്തപുരം വഞ്ചിയൂർ കുന്നുംപുറം നികുഞ്ജത്തിൽ മഞ്ജുള നായർ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി സിനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2016 നവംബർ മുതൽ 2017 ജൂലായ് വരെയാണ് സംഘം പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തത്. മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ സ്ത്രീയിൽ നിന്ന് ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 11.25 ലക്ഷവും മറ്റൊരു സ്ത്രീയിൽ നിന്ന് 10 ലക്ഷവും തിരുവനന്തപുരം എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് മൈനാഗപ്പള്ളി സ്വദേശിയിൽ നിന്ന് 15 ലക്ഷവും തിരുവനന്തപുരം ശ്രീചിത്ര എൻജിനിയറിംഗ് കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് മൺട്രോത്തുരുത്ത് സ്വദേശിയിൽ നിന്ന് 13 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട സി.ഐ എ.അനൂപ്, എസ്.ഐ അനീഷ്, എ.എസ്.ഐ മാരായ വിനയൻ, രാജേഷ്, സുരേഷ്, വനിതാ സി.പി.ഒ ഷസ്‌ന എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.