pinarayi-vijayan

തിരുവനന്തപുരം: മുൻ എം.പി എ.സമ്പത്ത് തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകന്റെ ആദ്യ ചോദ്യത്തിന് കൊവിഡിന്റെ സാഹചര്യത്തിൽ പലരും പലയിടത്ത് കുടുങ്ങി പോയിട്ടുണ്ടെന്നും സംസ്ഥാനത്തെ രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഇപ്പോൾ തിരുവനന്തപുരത്തില്ലെന്നും അതിനു അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.

അവർ ഇപ്പോൾ ഡൽഹിയിൽ കുടുങ്ങി കിടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശേഷം വന്ന രണ്ടാമത്തെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഡൽഹിയിൽ കൊവിഡ് രോഗപ്രതിരോധം എ.സമ്പത്ത് ഏകോപിപ്പിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം തലസ്ഥാനത്ത് കുടുങ്ങി പോയി എന്ന് അതിനെ ന്യായീകരിക്കാൻ കഴിയുമോ എന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം.

'അദ്ദേഹത്തിന് ദിവ്യജ്ഞാനം ഉണ്ട് എന്ന് ഞാൻ ഇതുവരെ മനസിലാക്കിയിട്ടില്ല. അങ്ങനെയൊരു ദിവ്യത്തമൊന്നും സമ്പത്തിനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇന്നതൊക്കെയാണ് സംഭവിക്കാൻ പോകുന്നത്...ഇത്ര ദിവസം കൊവിഡ് ഇങ്ങനെ ആളുകളെയെല്ലാം തളച്ചിടും...അപ്പൊ ഞാൻ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാം..എന്നൊക്കെ മനസിലാക്കി ഇങ്ങോട്ട് വന്നതാണ് എന്നുള്ള ധാരണയൊന്നും എനിക്കില്ല.' മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.