സഹൽ അബ്‌ദു സമദ് ഭാവിയുടെ താരമെന്ന് ബ്ളാസ്റ്റേഴ്സിന്റെ പുതിയ കോച്ച് കിബു വികുന
തിരുവനന്തപുരം: യുവ മലയാളി താരം സഹൽ അബ്‌ദുൽ സമദിന്റെ കേളീ ശൈലി തന്നെ ഏറെ ആർഷിച്ചതായി കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുന. സഹലിനെപ്പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും യുവത്വവും പരിചയ സമ്പത്തും സമന്വയിപ്പിച്ച ടീമിനെയാകും അടുത്ത സീസണിൽ അണിനിരത്തുകയെന്നും കഴിഞ്ഞദിവസം ഒരു സോഷ്യൽ മീഡിയ ലൈവ് ചാറ്റിൽ കിബു വികുന വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷയുണർത്തിയെങ്കിലും പ്ളേ ഒാഫിന്റെ പടിവാതിൽ കടക്കാനാകാതെ പുറത്തായ പരിശീലകൻ ഇൗൽക്കോ ഷാട്ടോരിക്ക് പകരം മോഹൻ ബഗാനിൽ നിന്ന് എത്തിയ കിബു അടുത്ത സീസണിലേക്കുള്ള തന്റെ കണക്കുകൂട്ടലുകളെപ്പറ്റിയും സംസാരിച്ചു.
കൊച്ചിയിലെ ആരാധകർക്ക് പ്രിയപ്പെട്ടവനായിരുന്നു സഹലെങ്കിലും ഫസ്റ്റ് ഇലവനിൽ വേണ്ടത്ര പരിഗണന നൽകാൻ ഷാട്ടോരി തയ്യാറായിരുന്നില്ല. എന്നാൽ തന്റെ സമീപനം അങ്ങനെയായിരിക്കുകയില്ലെന്ന് കിബു വ്യക്തമാക്കുന്നു." ഞാൻ ഇതുവരെ കണ്ട ഇന്ത്യൻ കളിക്കാരിൽ ഏറ്റവും മികച്ചയാളാണ് സഹൽ.അദ്ദേഹത്തിന് സ്വതന്ത്രമായി കളിക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാക്കിക്കൊടുത്താൽ ഇനിയുമേറെ മികവ് കാട്ടും." - കിബു വികുന പറഞ്ഞു.
യുവതാരങ്ങളായ കെ.പി രാഹുൽ , ജീക്ക്സൺ സിംഗ്,നൊംഗ്ദംബ നവോറെം തുടങ്ങിയവരെയും താൻ ആത്മവിശ്വാസത്തോടെ കളത്തിലിറക്കാൻ തയ്യാറാണെന്നും കോച്ച് പറഞ്ഞു. മലയാളി യുവപ്രതിഭ കെ.പി രാഹുലിനെക്കുറിച്ചും വാതോരാതെ പുകഴ്ത്തുകയായിരുന്നു കോച്ച്. ഐ ലീഗിൽതാൻ ബഗാൻ കോച്ചായിരിക്കെ രാഹുൽ ഇന്ത്യൻ ആരോസിനുവേണ്ടി കളിക്കുമ്പോൾ ബഗാനെതിരെ ഒരു ഗോളടിക്കാൻ നൽകിയ പാസ് കണ്ട് വണ്ടറടിച്ചുപോയെന്നും അന്നുതന്നെ ബഗാനുവേണ്ടി രാഹുലിനെ സ്വന്തമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചിരുന്നുവെന്നും കിബു പറഞ്ഞു. ഏത് പൊസിഷനിലും കളിപ്പിക്കാൻ കഴിയുന്ന താരമാണ് രാഹുലെന്നാണ് കോച്ചിന്റെ പക്ഷം. പരിചയ സമ്പന്നരായ സന്ദേശ് ജിംഗാൻ, ഒഗുബച്ചെ തുടങ്ങിയവർക്കൊപ്പം യുവതാരങ്ങളെ കരുതലോടെ വിന്യസിച്ചാൽ കഴിഞ്ഞ സീസണുകളിലെ കുറവുകൾ നികത്താൻ ബ്ളാസ്റ്റേഴ്സിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.