train

തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേയുടെ സമ്മതം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചയയ്ക്കും. മേയ് 18 മുതല്‍ ജൂണ്‍ 14 വരെ കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ ബംഗാളിലേക്ക് 28 ട്രെയിനുകളിലായി അയക്കും.


ഡല്‍ഹിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ ഉടന്‍ അനുവദിക്കും. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്‌സ്പ്രസ് എല്ലാ ദിവസവുമുണ്ടാകും. ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയില്‍വെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ്, എ.സി ട്രെയിന്‍ നിരക്ക് എന്നിവ തടസമായി. നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മാര്‍ഗം തേടി. വിദ്യാര്‍ത്ഥികള്‍ സ്വന്തം ചെലവില്‍ യാത്ര നടത്തണം.

ഡല്‍ഹിയിലെ ഹെല്‍പ് ഡെസ്‌ക് കാര്യങ്ങള്‍ ഏകോപിപ്പിക്കും. ഡല്‍ഹിയില്‍ നിന്നടക്കം പ്രത്യേകം ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വേ വിശദാംശം ഉടന്‍ ലഭിക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. ഇസ്രയേലില്‍ വീസ കാലാവധി കഴിഞ്ഞ മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രവുമായി ബന്ധപ്പെടും മുഖ്യമന്ത്രി പറഞ്ഞു