vithura

വിതുര: കോവിഡ് 19 പ്രതിരോധിക്കാനുള്ള നിർദ്ദേശം നൽകാൻ വേറിട്ട രീതി തിരഞ്ഞെടുത്തിരിക്കുകയാണ് എസ്.ഐ. വിതുര എസ്.ഐ എസ്‌.എൽ. സുധീഷ് അവതരിപ്പിച്ച മാജിക് വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയത്. കോവിഡ് 19 സേവനങ്ങളിൽ പങ്കെടുത്തവർക്കുള്ള ആദരവായി മാജിക് റിയലിസം എന്ന സംഘടനയിലെ കലാകാരന്മാരാണ് വീഡിയോ ചിത്രീകരിച്ചത്.
സുരക്ഷാമാർഗങ്ങൾ പങ്കുയ്ക്കുന്ന ഈ വീഡിയോകൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ നല്ല പ്രചാരണം ലഭിക്കുന്നുണ്ട്.
സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് എന്നിവയുടെ ചിത്രങ്ങൾ രേഖപ്പെടുത്തിയ കടലാസുകൾ പുസ്തകരൂപത്തിലാക്കിയാണ് സുധീഷ് മാജിക് അവതരിപ്പിച്ചത്. കോവിഡ് പ്രതിരോധമാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ കടലാസിലുള്ള ചിത്രങ്ങൾ യഥാർത്ഥവസ്തുക്കളായി മാറുന്നതാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള മാജിക്കിന്റെ ഉള്ളടക്കം.
ജോലി ലഭിക്കുന്നതിന് മുമ്പ് മജീഷ്യൻ ആറ്റുകാൽ സുധീഷ് ' എന്ന പേരിൽ കേരളം മുഴുവൻ അറിയപ്പെടുന്ന മജീഷ്യനായിരുന്നു എസ്.എൽ. സുധീഷ്.
തിരക്കു പിടിച്ച പൊലീസ് ജോലിക്കിടയിലും മാജിക്കിനെ മറക്കാൻ ഈ കലാകാരൻ തയ്യാറല്ല. കിട്ടുന്ന സമയത്ത് കൃത്യമായി പരിശീലനം നടത്തും. സ്കൂളുകളിൽ പങ്കെടുക്കുന്ന പരിപാടികളിൽ നുറുങ്ങു വിദ്യകൾ കാട്ടുകയും ചെയ്യും. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന് ഏറ്റവും ഫലപ്രദമായ മാർഗമാണ് മാജിക്കെന്ന് സുധീഷ് പറയുന്നു. കോവിഡ് 19-പ്രതിരോധമാർഗങ്ങളും ലോക്ക് ഡൗൺ നിയമങ്ങളും ജനങ്ങളിലെത്തിക്കാൻ മാജിക്കിലൂടെയും ശ്രമിക്കുകയാണ് ഈ നിയമപാലകൻ.