തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് രോഗപ്രതിരോധ ശ്രമങ്ങൾക്ക് സഹായമേകികൊണ്ട് കൊവിഡ് ടെസ്റ്റിങ് കിറ്റുകളും പിന്നീട് തെർമൽ സ്‌ക്രീനിംഗ് സംവിധാനവും കോൺഗ്രസ് എം.പി ശശി തരൂർ എത്തിച്ചുനൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാനത്തിന് സഹായകമായ നിലപാടെടുത്തതിന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും ശശി തരൂരിന് പ്രശംസയുമായി എത്തിയത്.
എന്നാൽ പതിവിൽ നിന്നും വിരുദ്ധമായി ഇപ്പോൾ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യൽ മീഡിയ പേജുകളും അദ്ദേഹത്തിന് പ്രശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയപരമായി ഭിന്നതകൾ ഉണ്ടെങ്കിലും 'കൊവിഡിന്റെ കാലത്ത് കോൺഗ്രസിൽ നന്മ കണ്ടത് തരൂരിൽ മാത്രമാണെ'ന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ അഭിപ്രായപ്പെടുന്നത്.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ വിലയിരുത്തികൊണ്ട് ബ്രിട്ടനിലെ 'ഗാർഡിയൻ' പത്രം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ അഭിമുഖം തരൂർ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പങ്കുവച്ചിരുന്നു. ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ടാണ് തരൂർ ഈ അഭിമുഖം ട്വീറ്റ് ചെയ്തത്. മുൻപ് ശശി തരൂരിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ടെലിവിഷൻ ചാനലിലൂടെ ആരോഗ്യ മന്ത്രിയും തന്റെ നന്ദി അറിയിച്ചിരുന്നു.