മെൽബൺ: ലോകം കണ്ട ഏറ്റവും മികച്ച ലെഗ്സ്പിന്നറായി തന്നെ വാഴ്ത്താൻ വഴിയൊരുക്കിയ 1993 ആഷസ് പരമ്പരയിൽ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാൻ എറിഞ്ഞ നൂറ്റാണ്ടിന്റെ പന്ത് പിന്നീട് വ്യക്തിസ്വാതന്ത്യത്തിന് പോലും പാരയായതായി ആസ്ട്രേലിയൻ ഇതിഹാസതാരം ഷെയ്ൻ വോൺ. ആ പന്ത് സൃഷ്ടിച്ച വിപരീതഫലങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഫോക്‌സ് ക്രിക്കറ്റിലെ 'എ വീക്ക് വിത്ത് വോണി' എന്ന അഭിമുഖത്തിലാണ് വോൺ വെളിപ്പെടുത്തിയത്.
''അന്ന് എനിക്ക് 23 വയസാണ് പ്രായം. കളിക്ക് ശേഷം ലണ്ടനിലെ വിൻഡ്മില്‍ പബ്ബിൽ പോയി മടങ്ങുമ്പോൾ ഏതാണ്ട് 25-30 ഫൊട്ടോഗ്രാഫർമാർ എന്റെ ചിത്രം പകർത്തുന്നുണ്ടായിരുന്നു. പിറ്റേന്ന് പത്രങ്ങളിൽ 'ഷെയ്ൻ വോൺ പബ്ബിൽ' എന്നതായിരുന്നു പ്രധാന വാർത്ത. ഞാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചുവരെ വിമർശനങ്ങൾ വന്നു. 'ഷെയ്ൻ വോണിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ' എന്നൊന്നുണ്ടായിരുന്നു. എനിക്കു പോലും എന്നെക്കുറിച്ചറിയാത്ത കാര്യങ്ങളായിരുന്നു അതിൽ പലതും'' വോൺ പറഞ്ഞു.അതോടെ താൻ മാദ്ധ്യമങ്ങൾക്ക് നിരന്തരം വേട്ടയാടാനുള്ള ഒരു വ്യക്തിയായി മാറിയെന്നും വോൺ കൂട്ടിച്ചേർത്തു.
നൂറ്റാണ്ടിന്റെ പന്ത്
1993 ജൂൺ നാലിന് ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനം വോണിന്റെ വിരലുകളിൽ വിരിഞ്ഞ വിസ്‌മയമാണ് നൂറ്റാണ്ടിന്റെ പന്തെന്ന് അറിയപ്പെട്ടത്. സ്‌പിന്നിനെതിരേ നന്നായി കളിച്ചിരുന്ന ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിംഗാണ് ആ പന്തിൽ പുറത്തായത്. ലെഗ് സ്റ്റമ്പിന് പുറത്തുകുത്തിത്തിരിഞ്ഞ പന്ത് ഗാറ്റിംഗിന്റെ ഓഫ് സ്റ്റമ്പുമായി പറന്നു. ആ ടെസ്റ്റിൽ എട്ടു വിക്കറ്റുകൾ വീഴ്ത്തിയ വോൺ തന്നെയായിരുന്നു കളിയിലെ താരം.