elon-musk

മനുഷ്യരെ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനുള്ള ദൗത്യത്തിന് തയ്യാറെടുത്ത് ടെക്‌നോളജി സംരംഭകൻ എലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സ്. ഈ മാസം 27നാണ് കമ്പനി, നാസയുടെ ബഹിരാകാശ യാത്രികരായ ബോബ് ബെഹ്ങ്കൻ, ഡഗ്‌ ഹർലി എന്നിവരെ ബഹിരാകാശത്തേക്ക് അയക്കാനായി പദ്ധതിയിടുന്നത്.

ഇതോടെ മനുഷ്യരെ തന്റെ കമ്പനി വികസിപ്പിച്ചെടുത്ത വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് എത്തിക്കണമെന്ന എലോൺ മസ്കിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

സ്‌പേസ് എക്സിന്റെ ഫാൽക്കൺ സീരീസിലെ 'ഫാൽക്കൺ 9' റോക്കറ്റ് ഉപയോഗിച്ചാകും ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്ന 'ക്രൂ ഡ്രാഗൺ' ബഹിരാകാശ വാഹനം(സ്‌പേസ് ക്രാഫ്റ്റ്) പറന്നുയരുക.

'ഡെമോ രണ്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലോഞ്ച്, നാസയുടെ ഫ്ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിലാണ് നടക്കും.സ്‌പേസ് സ്റ്റേഷനിലേക്കുള്ള റൊട്ടേഷണൽ ഫ്ലൈറ്റുകൾക്കായി നാസ സ്വന്തം ബഹിരാകാശ വാഹനം ഉപയോഗിക്കുന്നത് മുൻപുള്ള സ്‌പേസ് എക്സിന്റെ അവസാന ദൗത്യം കൂടിയാണിത്.

2011ലെ അമേരിക്കയുടെ 'സ്‌പേസ് ഷട്ടിൽ പ്രോഗ്രാം' പിൻവലിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ ബഹിരാകാശ വാഹനം ഉപയോഗിച്ച് വീണ്ടും അമേരിക്കയുടെ അസ്‌ട്രോനോട്ടുകൾ ബഹിരാകാശത്തേക്ക് കുതിക്കുന്നത്.

ദൗത്യം വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ ഭാവി ദൗത്യങ്ങളിൽ സ്പേസ് എക്സ് വാഹനങ്ങളായ ഫാൽക്കൺ, ഡ്രാഗൺ എന്നിവ കൂടി ഉൾപ്പെടുത്താനാണ് നാസ പദ്ധതിയിടുന്നത്. പദ്ധതിക്ക് മുന്നോടിയായി ഉണ്ടാകുന്ന 'ആരോഗ്യ സ്ഥിരതാ'( ഹെൽത്ത് സ്റ്റെബിലൈസെഷൻ) നടപടിയുടെ ഭാഗമായി ബോബ് ബെഹ്ങ്കനും ഡഗ്‌ ഹർലിയും നിലവിൽ ക്വാറൻന്റീനിലാണ്.