covid-

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവി‌ഡ് രോഗികളുടെ എണ്ണം 85000 കടന്നു. ഇതോടെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ലോകത്ത് കൊവിഡ്​ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 11ാം സ്​ഥാനത്തെത്തി.

ഇന്ത്യയില്‍ ഇതുവരെ 85,605 പേര്‍ക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. 2746 പേര്‍ മരിക്കുകയും ചെയ്​തു. അതേസമയം ചൈനയുടെ അത്രയും മരണനിരക്ക്​ ഇന്ത്യയിലില്ല​. 3.2 ശതമാനമാണ്​ ഇന്ത്യയുടെ മരണനിരക്ക്​. ചൈനയില്‍ ഇത്​ 5.5 ശതമാനമാണ്​. രാജ്യത്ത്​ ഇതുവരെ 27,000 ​ത്തില്‍ അധികം പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ ഇതുവരെ 82,933 പേര്‍ക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 4633 പേര്‍ മരിച്ചു.

45 ലക്ഷത്തിലധികം പേര്‍ക്കാണ്​ ലോകത്ത്​ ഇതുവരെ കൊവിഡ്​ ബാധിച്ചത്​. മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്​തു. 17,27,999 പേരാണ്​ രോഗമുക്തി നേടിയത്​. യു.എസിലാണ്​ ഏറ്റവും കൂടുതല്‍ കൊവിഡ്​ രോഗികളുള്ളത്​. 14,63,301 പേര്‍ക്കാണ്​ യു.എസില്‍ കൊവിഡ്​ ബാധിച്ചത്​. 87,248 പേരാണ്​ യു.എസില്‍ മരിച്ചത്​. സ്​പെയിനില്‍ 2,74,367 പേര്‍ക്കും റഷ്യയില്‍ 2,62,843 പേര്‍ക്കും കൊവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.