kottayam

കോട്ടയം: കൊവിഡ് നിർദേശം ലംഘിച്ചുകൊണ്ട് ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എത്തിയ യാത്രക്കാരെ കോട്ടയത്ത് ഇറക്കി വിട്ട ശേഷം ഡ്രൈവർക്കും സഹായിയും മുങ്ങി. വൈക്കം വഴി പോയ ബസ് ജീവനക്കാരെ പിറവത്തുവച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ബസിലെ ജീവനക്കാരായ അടൂർ സ്വദേശി വിനോദ് നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെ പൊലീസ് കേസും ചാർജ് ചെയ്തു.

കോട്ടയം, ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് വരുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് കെ.പി.സി.സിയാണ് ഏർപ്പാടാക്കിയതെന്ന് ബസിന്റെ ഡ്രൈവറും സഹായിയും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കിവിടപ്പെട്ട യാത്രക്കാർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനെ സമീപിക്കുകയും തുടർന്ന് ഇവരെ കോട്ടയത്ത് ക്വാറൻന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപത്തിയഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. കുമളി വരെ കർണാടക രജിഷ്ട്രേഷൻ വാഹനത്തിലെത്തിയ യാത്രക്കാർ അവിടെ നിന്നും ഒരു ട്രാവൽസ് വഴിയാണ് തങ്ങൾ കോട്ടയത്തേക്ക് എത്തിയതെന്നും അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി ബംഗളുരുവിൽ നിന്നും ഏർപ്പാടാക്കിയ ബസുകളിൽ ഒന്നാണിത് എന്നാണു അനുമാനം.