മലപ്പുറം: അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശികളിൽ നിന്നും വന്ന കൊവിഡ് സ്ഥിരീകരിച്ചവർ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ ജാഗ്രത കർശനമാക്കി. നിലവിൽ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പത്തുപേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേരും മുംബയിൽ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ചികിത്സയിൽ കഴിയുന്ന 15 പേരിൽ ആറു പേരും രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയുമായിരുന്നു. മലപ്പുറത്ത് ആകെ 3655 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ച മുമ്പ് 841 പേർ മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നിടത്താണിത്.