
കാസർകോട് :മഞ്ചേശ്വരത്തെ സിപിഎം പ്രവർത്തകരായ പൊതുപ്രവർത്തക ദമ്പതികൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അധികൃതർ കണ്ടെത്തി. സി. പി.എം നേതാവിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജനപ്രതിനിധിയായ ഭാര്യയെയും മഞ്ചേശ്വരം പൊലീസ് പ്രതിയാക്കും. മഹാരാഷ്ട്രയിൽ നിന്ന് ബന്ധുവിനെ ചരക്ക് ലോറിയിൽ അതിർത്തിയിൽ എത്തിച്ച ശേഷം പൈവളിഗെയിലെ വീട്ടിലെത്തിച്ചത് അനധികൃതമായ നടപടിയിലൂടെ ആണെന്ന് സൂചന ലഭിച്ചു. തലപാടി അതിർത്തിയിൽ എത്തിയ ഇയാൾക്ക് നിയമാനുസൃതമുള്ള പാസ് ഉണ്ടായിരുന്നില്ല. പൊതുപ്രവർത്തക ദമ്പതികൾ തലപ്പാടി അതിർത്തിയിൽ എത്തി ഇയാളെ കാറിൽ കയറ്റി നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.
മെയ് നാലിനാണ് ബന്ധുവിനെ അതിർത്തി കടത്തിയത്. അതിർത്തിയിൽ നിന്ന് ഇവരുടെ വീട്ടിലേക്ക് 20 കിലോമീറ്റർ ആണുള്ളത്. ഈ യാത്രയിൽ ആണ് എല്ലാവർക്കും രോഗം ബാധിച്ചത്. ബന്ധുവിന് മെയ് 11 ന് രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പ് തന്നെ പൊതുപ്രവർത്തകനും രോഗ ലക്ഷണം ഉണ്ടായി. തൊണ്ട വേദന കലശലായതോടെ ഇയാൾ ഇഎൻടി സ്പെഷലിസ്റ്റിനെ കണ്ടു മരുന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പർക്കത്തിൽ 80 പേരെങ്കിലും ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. നിരീക്ഷണ നിയമം ലംഘിച്ചതിനാണ് പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ച് മഞ്ചേശ്വരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.