കാസർകോട് :അന്തരിച്ച കോൺഗ്രസ് നേതാവ് പി.ഗംഗാധരൻ നായരുടേത് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ജീവിതം. പാര്‍ട്ടിക്കുവേണ്ടി എന്നും കര്‍മ്മനിരതമായ പ്രവര്‍ത്തനം. ഉമ്മൻചാണ്ടിയുടെയും ഏ.കെ ആന്റണിയുടെയും വിശ്വസ്തൻ. അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും, ജില്ലാ രൂപീകരണത്തിനുശേഷം കാസർകോട് ഡി.സി.സി ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍, മികച്ച സഹകാരി, ഭെല്‍ - ഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട്, തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കാസർകോട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുഡിഎഫിന്റെ ജില്ലയിലെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. പരേതനായ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയോടൊപ്പം ദീര്‍ഘകാലം യുഡിഎഫ് ജില്ലാ കണ്‍വീനറായി പ്രവര്‍ത്തിച്ചു. അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി പെരിയയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
പുതിയ ഡിസിസി ഓഫീസ് കെട്ടിട നിര്‍മാണത്തിലും മുഖ്യപങ്കുവഹിച്ചു.35 വർഷം പെരിയ ബാങ്ക് പ്രസിഡന്റ്, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കാലങ്ങളോളം പുല്ലൂര്‍ പെരിയ മേഖലയില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജകമണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പി.ഗംഗാധരൻ നായരുടെ നിര്യാണത്തില്‍ ഉമ്മൻചാണ്ടി, എ കെ ആന്റണി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍, ഡിസിസി ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, അഡ്വ. സി. കെ.ശ്രീധരന്‍, കരിമ്പിൽ കൃഷ്ണൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ്കുമാര്‍, സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, സി. വി.ജെയിംസ്, മുൻ മന്ത്രി സി.ടി.അഹമ്മദലി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ, എന്‍..എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ ലീഗ് പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി.സി.ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഗീതാകൃഷ്ണന്‍, രാജന്‍ പെരിയ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അനുശോചിച്ചു.