തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ, ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധർ. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് വിദഗ്ദ്ധർ രംഗത്തെത്തി. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.മഴ തുടങ്ങിയതോടെ അന്തരീക്ഷ ഉഷ്മാവ് കാര്യമായി കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാനിടയുണ്ടെന്നും അവർ സൂചിപ്പിക്കുന്നു.
ചെന്നെയിൽ നിത്തെത്തിയ ഒരു രോഗിയിൽ നിന്നാണ് വയനാട്ടിൽ 15 പേരിലേക്കാണ് കൊവിഡ് പകർന്നത്. കാസർകോട്ട് മുംബയിൽ നിന്നെത്തിയ ആളിൽ നിന്ന് അഞ്ചുപേരിലേയ്ക്കും പകർന്നു. ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേയ്ക്കാണ് .രോഗബാധിരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
കൊവിഡ് പരിശോധനയിൽ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. നിലവിൽ കടുത്ത ലക്ഷണങ്ങളുളളവരെമാത്രമാണ് പരിശോധിക്കുന്നത്. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണുകളിൽ നിന്ന് കൂടുതൽ പേരെത്തുന്ന സാഹചര്യത്തിൽ ടെസ്ററുകളുടെ എണ്ണവും കൂട്ടേണ്ടി വരും.
കടുത്ത ശ്വാസകോശ രോഗമുളളവരെയും, പനി തുടങ്ങിയ ലക്ഷണങ്ങളുളളവരേയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഒപ്പം പ്രായമായവരെയും. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ രാജ്യത്താകെയുള്ള ടെസ്ററ് കിറ്റുകളുടെ കുറവ് സംസ്ഥാനത്തും വെല്ലുവിളിയായി തുടരുകയാണ്.