photo
ഷീബ.എം.ജോൺ

കൊല്ലം: നിത്യജീവിത കാഴ്ചകളെ കവിതയാക്കാനാണ് ഷീബ.എം.ജോണിന് ഏറെയിഷ്ടം. മനുഷ്യജീവിതത്തെ പൂർണമായും അരിച്ചെടുക്കുന്ന വരികളുടെ വാക്കിന്റെ വക്കിലൊക്കെയും അർത്ഥവും അരിശവും ചേർത്തുവച്ചിട്ടുണ്ടാകും. പൂവിനോടും പുല്ലിനോടും പുഴയോടും സല്ലപിക്കാറുണ്ട്. പച്ചപ്പും കിളികളും കാട്ടരുവികളുമൊക്കെ കവിതകൾക്കിടയിലേക്ക് എത്തിനോക്കാറുമുണ്ട്, എന്നാൽ ജീവിതത്തിന്റെ നേർക്കാഴ്ചകളെഴുതാനാണ് താൻ ഏറെയും ഇഷ്ടപ്പെടുന്നതെന്ന് കവയത്രി പറഞ്ഞു. ജീവിതത്തിന്റെ സങ്കീർണതയെ സസൂക്ഷ്മം നിരീക്ഷിയ്ക്കുന്നതിനൊപ്പം തൊട്ടടുത്ത കാലടിയെ എങ്ങിനെ ഉറപ്പിക്കാമെന്നുകൂടി കവിതകൾ ചിന്തിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് നവമാദ്ധ്യമങ്ങളിലൂടെ ഷീബയുടെ കവിതകൾക്ക് ആരാധകരേറിയത്.

ശാസ്താംകോട്ട മൈനാഗപ്പള്ളി കാട്ടുവിളയിൽ മാർട്ടിന്റെയും സ്റ്റെല്ലയുടെയും മകളായ ഷീബയ്ക്ക് കുട്ടിക്കാലത്ത് ചിത്രമെഴുത്തിനോടായിരുന്നു കമ്പം. കൊല്ലം ഫാത്തിമമാത കോളേജിൽ പ്രീഡിഗ്രി പഠനകാലത്താണ് നോട്ടുബുക്കുകളിൽ കവിത കുറിച്ചത്. കൂട്ടുകാരെപ്പോലും കാണിക്കാതെയാണ് എഴുതിയ കവിതകൾ സൂക്ഷിക്കുന്നതെങ്കിലും ഒരു ഇൻലന്റിലേക്ക് അത് പകർത്തിയെഴുതി കവി കുരീപ്പുഴ ശ്രീകുമാറിന് അയച്ചുകൊടുക്കും. തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിലാസത്തിലാണ് കവിത അയയ്ക്കുന്നത്. എന്തെഴുതിയാലും കുരീപ്പുഴയുടെ മറുപടി കാർഡ് വരുന്നതിനാൽ എഴുത്തിന് വേഗതയും ആവേശവും കൂടി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തശേഷം കവിതകൾക്കും അവധികൊടുത്തതാണ്. വീണ്ടും ഫേസ് ബുക്കിലൂടെ കുരീപ്പുഴയെ കണ്ടെത്തി. മനസിൽ തോന്നുന്നത് എന്തായാലും അതെല്ലാം വെറുതെ എഴുതണമെന്ന കവിയുടെ ഉപദേശം കൂടിയായപ്പോൾ വീണ്ടും മനസിൽ ഒരുനൂറു കവിതകളെത്തി. വികാരങ്ങളുടെ പുറന്തള്ളൽ ഫേസ് ബുക്കിൽ കുറിച്ചപ്പോൾ അപ്പപ്പോൾ വിലയിരുത്തലുകളും തിരുത്തലുകളും പ്രോത്സാഹനവും പലകോണുകളിൽ നിന്നുമുണ്ടായി.

ഫേസ് ബുക്ക് വിശാലമായ എഴുത്തിടമാണെന്ന് അന്ന് തിരിച്ചറിഞ്ഞതാണ്. ഇനി ഞാൻ ഉറങ്ങട്ടെ, താളം, മോഹം, നല്ലപാതി, ഓർക്കുക വല്ലപ്പോഴും, പറയാൻ വൈകിയ പ്രണയത്തോട്, നിദർശനം തുടങ്ങിയവയൊക്കയാണ് വായനക്കാർ ഇഷ്ടത്തോടെ ചേർത്തുവച്ച കവിതകൾ. ചിലത് സഹൃദയരായ സുഹൃത്തുക്കൾ ഈണവും ശബ്ദവും നൽകി ഫെസ്ബുക്കിലും യൂട്യൂബിലും മറ്റും ഹിറ്റാക്കി. ലോക്ക് ഡൗൺ കാലത്തും കവിതകളിലൂടെ സഞ്ചരിക്കാനാണ് ഷീബ ഇഷ്ടപ്പെട്ടത്. പരമ്പരാഗത ശൈലിയിലൂടെ പുതിയകാലത്തിന്റെ വിശേഷങ്ങൾ കവിതകളാക്കി പങ്കുവയ്ക്കുമ്പോൾ ബിസിനസുകാരനായ ഭർത്താവ് ബോൾഡ്വിൻ ഗോമസും പിന്തുണയുമായി കൂടെച്ചേരും. "കരഞ്ഞും ചിരിച്ചും പ്രതികാരബുദ്ധിയില്ലാതെ കലഹിച്ചും അതിനെക്കുറിച്ചൊക്കെ എഴുതിയും ഇനിയും മുന്നോട്ട് പോകണം"- ഷീബ.എം.ജോൺ പറഞ്ഞു.