po

കോട്ടയം: ബംഗളൂരുവിൽ നിന്നെത്തി കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം നഗരത്തിൽ സഞ്ചരിച്ച യുവാക്കൾക്കും, ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവർക്കുമെതിരെ പൊലീസ് കേസെടുക്കും. കുമളി ചെക്‌പോസ്റ്റിൽനിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ്(33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20) എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ പൊലീസ് നിർദ്ദേശിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ പൊതുസമ്പർക്കം ഒഴിവാക്കി ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ നിർദേശം ലംഘിച്ചതിന് സാംക്രമികരോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക. കേരളത്തിലെത്താനുള്ള പാസ് കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവർ ഇവരെ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിയാൽ യാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുമെന്നും ഡ്രൈവർ ഇവരോട് പറഞ്ഞിരുന്നു. ഇതോടെ ഇവർ ആദ്യം പൊലീസ്‌ സ്റ്റേഷനിലും പിന്നീട് ജില്ലാപോലീസ് മേധാവിയുടെ ഒാഫീസിലും എത്തി.

പൊലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇവർ ബംഗളൂരുവിൽ നിന്ന് എത്തിയതാണെന്നറിഞ്ഞത്. ഉടൻ ഇരുവരെയും അതിരമ്പുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ കോട്ടയത്ത് എത്തിച്ച ബസ് പിറവം പൊലീസ് പിടികൂടി.