covid-

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുകയും 103 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. 53,035 പേരാണ് ചികിത്സയിലുള്ളത്. 30,153 പേര്‍ രോഗമുക്തരായി. രാജ്യത്തെ മരണസംഖ്യ 2752 ആയി.

മഹാരാഷ്ട്രയില്‍ 21,467 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 1567 പേര്‍ക്ക് രോഗം ബാധിച്ചു. മുംബയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ പതിനായിരം കടന്നു.

ഇതോടെ കര്‍ശനമായ നിയന്ത്രണമാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുംബയ് വാംഖഡെ സ്റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുംബയ് ക്രിക്കറ്റ് അസോസിയേഷന് കോര്‍പറേഷന്‍ കത്തയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചതോടെ സ്‌റ്റേഡിയം നിരീക്ഷണം കേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.