pic

കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിനെതിരെ ജാഗ്രതയോടെ ഇടപെടുമ്പോഴും രോഗികളുടെ എണ്ണത്തിൽ ആശ്വസിക്കാനുള്ള പുരോഗതി ഉണ്ടായിട്ടില്ല. ജില്ലയിൽ ആറുപേരാണ് ഇപ്പോൾ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിലൊരാൾ കാസർകോട് സ്വദേശിയാണ്. 4920 പേർ ഇപ്പോഴും വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 51 പേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലുമാണ്. ഇന്നലെ മാത്രം 11 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോക്ക് ഡൗൺ തുടരുന്നതിനിടെ പുതുതായി കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ടി വരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ട് മേഖലയിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കൊവിഡ് ട്രീറ്റ്മെന്റ് സെന്റർ, തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാശുപത്രിയിൽ എന്നിവിടങ്ങളിലാണ് രോഗികൾ നിരീക്ഷണത്തിലുള്ളത്. ഇതിനിടെ കൊവിഡ് കെയർ സെന്ററിലേക്ക് സേവനത്തിനായി സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രവാസികൾ വരുന്ന സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. യാത്രികരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തും. ജില്ലയിൽ ഇതുവരെ 355 പ്രവാസികളാണ് എത്തിയത്. ഇതിൽ 53 പേർ രണ്ട് കപ്പലുകളിലായി എത്തിവരാണ്.

അതേസമയം ഇത്തരത്തിൽ എത്തിയ ചിലരെങ്കിലും വ്യവസ്ഥ ലംഘിച്ച് പുറത്തിറങ്ങുന്ന പ്രവണത കാട്ടുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിലുളളവരുടെ വീടുകളിലും സമീപത്തും പൊലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും.