കോഴിക്കോട്: കുന്ദമംഗലത്തെ വർക്ക്‌ഷോപ്പിൽ ഇന്ന് രാവിലെ ആറ് മണിയോടെയുണ്ടായ തീപിടുത്തത്തിൽ പത്തിലേറെ ആഡംബര കാറുകൾ കത്തിനശിച്ചു. വെള്ളിമാട് സ്വദേശിയായ ജോബിയുടെ മുറിയനാലിലെ വർക്ക്‌ഷോപ്പിൽ അറ്റകുറ്രപ്പണിയ്ക്കായി എത്തിച്ച ബെൻസ് അടക്കമുള്ള കാറുകളാണ് അഗ്നിബാധയ്ക്ക് ഇരയായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.
എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വർക്ക് ഷോപ്പിലെ തീപ്പിടുത്തം ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള 10 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ ശ്രമിച്ചാണ് തീ അണച്ചത്. ഇവിടെ 13 കാറുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണത്തിന് ഭാഗികമായി നാശം സംഭവിച്ചതേയുള്ളൂ.