
കൊല്ലം: ബംഗളൂരുവിലെ റെഡ്സോണിൽ നിന്ന് പുനലൂർ നഗരസഭയിലെ വിളക്കുവെട്ടത്തെത്തി പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ മടങ്ങാൻ ശ്രമിച്ച മകൻ സുനിൽ ഉൾപ്പെയുള്ള 6 പേർക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ഇവർ രഹസ്യമായി മടങ്ങുന്ന വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെന്നാരോപിച്ച് അയൽവാസിയായ റിനുവിനെ (30) മർദ്ദിച്ച സുനിലിന്റെ സഹോദരിയുടെ മകൻ സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിളക്കുവെട്ടത്തെത്തിയ ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരോട് മോശമായി പെരുമാറിയ സുനിലിന്റെ സഹോദരൻ അയ്യപ്പനെതിരെയും പൊലീസ് കേസെടുത്തെന്ന് പുനലൂർ സി.ഐ ബിനു വർഗീസ് അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ആര്യങ്കാവ് വഴി പാസുമായി എത്തിയ ആറംഗ സംഘം വിളക്കുവെട്ടത്തെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മുങ്ങാൻ ശ്രമിച്ചത്. ആര്യങ്കാവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ആറ് പേരെയും തടഞ്ഞ ശേഷം ആംബുലൻസിൽ പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവരെ പുനലൂരിലെ ജയഭാരതം മെന്റൽ ആശുപത്രിയിലെ ഐസൊലേഷനിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.