കൊല്ലം: ചവറയിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനികന് വാനിടിച്ച് പരിക്കേറ്റു. ചവറ നല്ലെഴുത്ത് മുക്കിന് സമീപം പനംതോടിൽ ബേക്കറിക്ക് മുന്നിലാണ് അപകടം. കൊറ്റംകുളങ്ങര കല്ലേകുളം സ്വദേശി ഗിരിക്കാണ് (40) പരിക്കേറ്റത്. ദേശീയപാതയിൽ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന വാനാണ് ഗിരിയെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽപ്പെട്ട വാനിന്റെ ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഗിരിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇയാളെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീവിന് നാട്ടിലെത്തിയ സൈനികൻ ലോക്ക് ഡൗണായതിനാലാണ് മടങ്ങിപ്പോവാതിരുന്നത്. ചവറ പൊലീസ് കേസെടുത്തു.