കൊല്ലം: കുട്ടിക്കർഷകരുടെ എള്ള് കൃഷിയ്ക്ക് നൂറുമേനിയുടെ മികവ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ വെട്ടിക്കാട്ട് ഏലായിൽ തേവലക്കര ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ എള്ളുകൃഷിയാണ് പ്രതീക്ഷയ്ക്കപ്പുറം വിളവ് നൽകിയത്. ഓണാട്ടുകര വികസന ഏജൻസിയുടെയും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഏലായിൽ കൃഷിയിറക്കിയത്. തേവലക്കര ഗേൾസ് സ്കൂളിലെ കാർഷിക ക്ലബിലെ അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. വെട്ടിക്കാട്ട് ഏലായിൽ പ്രദേശവാസി സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു കൃഷി. ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ എള്ള് കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷി നടത്തിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച വിളവെടുപ്പിന്റെ ഉദ്ഘാടനം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ടി. മോഹനൻ നിർവഹിച്ചു.സ്കൂൾ എച്ച്.എം ശ്രീലത അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ കൊച്ചുവേലു മാസ്റ്റർ, ജേക്കബ് ടി.കെ. വൈദ്യൻ, സ്കൂൾ മാനേജർ വിശ്വനാഥൻ പിള്ള, പ്രസിഡന്റ് വി. മധു, അദ്ധ്യാപകരായ ബാലചന്ദ്രൻ, അനിൽകുമാർ, രാജലക്ഷ്മി, ജിതേഷ്, വിദ്യാർത്ഥി പ്രതിനിധികളായ അഞ്ജന, ആരതി, ബിനു, രാജു പി. കോവൂർ, കെ.സി. ദാസ്, സരസൻ പിള്ള, സുകുമാരൻ, ഹണി എന്നിവർ പങ്കെടുത്തു.