കൊച്ചി: വന്ദേ ഭാരത് രക്ഷാ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്ന ഇന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം പറന്നിറങ്ങും. ദുബായിൽ നിന്നും പ്രവാസികളുമായി മടങ്ങുന്ന വിമാനം വൈകിട്ട് 6.25ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. 200 യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുക.
യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഉടൻ തന്നെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ, കെ.എസ്.ആർ.ടി ബസിലും ടാക്സികളിലുമായി വീടുകളിലേക്കും സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും മാറ്റും.
രണ്ടാം ഘട്ടത്തിൽ കൊച്ചിയിലേക്ക് 19 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. നാളെ രണ്ട് വിമാനങ്ങൾ കൊച്ചിയിൽ എത്തുന്നുണ്ട്. ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമാണ് സർവീസ്. ദുബായ്- കൊച്ചി വിമാനം വൈകിട്ട് 5.40നും അബുദാബി- കൊച്ചി വിമാനം രാത്രി 8.40നും എത്തിച്ചേരും.
തുടർന്ന് യു.കെ. ഫിലിപ്പീൻസ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും സർവീസ് ഉണ്ടായിരിക്കും. രണ്ടാം ഘട്ട ദൗത്യം ഇന്ന് ആരംഭിക്കുന്നതിനാൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവള ജീവനക്കാരെല്ലാം സുരക്ഷാ ഉപകരണങ്ങൾ ധരിക്കും. ആരോഗ്യപ്രവർത്തകരും പൊലീസും സുരക്ഷ ശക്തമാക്കും.